ജോക്കോവിച്ചിന്‍റെ പരിശീലകനും കോവിഡ്
ബെൽഗ്രേഡ്: സെർബിയൻ താരം നൊവാക്ക് ജോക്കോവിച്ചിന് പിന്നാലെ അദ്ദേഹത്തിന്‍റെ പരിശീലകനും കോവിഡ്. ഗോരാൻ ഇവാനിസേവിച്ചിനാണ് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. കോവിഡ് ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും സ്വയം ക്വാറന്‍റൈനിൽ പ്രവേശിച്ചതായും ഇവാനിസേവിച്ച് അറിയിച്ചു. കഴിഞ്ഞ 10 ദിവസത്തിനിടെ ഇവാനിസേവിച്ച് രണ്ട് തവണ പരിശോധന നടത്തിയിരുന്നെങ്കിലും നെഗറ്റീവ് ആയിരുന്നു.
നേരത്തെ ജോക്കോവിച്ചിനും ഭാര്യ ജെലീനയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചാരിറ്റി മത്സരം നടത്തിയതിനു പിന്നാലെയാണ് ജോക്കോവിച്ചിനും മറ്റ് മൂന്ന് കളിക്കാർക്കും കോവിഡ് സ്ഥിരീകരിച്ചത്. സെർബിയയിലെ സെൻട്രൽ ബെൽഗ്രേഡിലെ ജോക്കോവിച്ച് ടെന്നീസ് കോംപ്ലക്സിലും ക്രൊയേഷ്യയിലെ സദറിലുമായി ജോക്കോവിച്ചാണ് ചാരിറ്റി ടൂർണമെന്‍റ് സംഘടിപ്പിച്ചത്. ടൂർണമെന്‍റിൽ പങ്കെടുത്ത ബൾഗേറിയയുടെ ഗ്രിഗർ ദിമിത്രോവ്, ക്രൊയേഷ്യയുടെ ബോർന കൊറിച്ച്, സെർബിയയുടെ വിക്ടർ ട്രോയിസ്ക്കി എന്നിവർക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിരുന്നു. ദിമിത്രോവിന് കൊറോണ സ്ഥിരീകരിച്ചതിനു പിന്നാലെ ടൂർണമെന്‍റിന്‍റെ ഫൈനൽ റദ്ദാക്കി. സാമൂഹിക അകലം പാലിക്കാതെയാണ് ടൂർണമെന്‍റ് നടന്നതെന്ന വിമർശനം ഉയർന്നിട്ടുണ്ട്.

