ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിനും ഭാര്യയ്ക്കും കോവിഡ്


ബെൽഗ്രേഡ്: ലോക ഒന്നാം നന്പർ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് കോവിഡ്. ജോക്കോവിച്ച് ക്രൊയേഷ്യയിൽ സംഘടിപ്പിച്ച ടൂർണമെന്‍റിൽ പങ്കെടുത്ത പല താരങ്ങൾക്കും കോവിഡ് പോസിറ്റീവായിരുന്നു. ഇതിനു പിന്നാലെയാണു താരത്തിനും കോവിഡ് ബാധ സ്ഥിരീകരിച്ചത്. താരത്തിനും ഭാര്യ ജെലെനക്കും കോവിഡ് ബാധിച്ചിട്ടുണ്ടെന്നാണു റിപ്പോർട്ടുകൾ

കോവിഡ് പ്രതിരോധത്തിനു പണം കണ്ടെത്താനാണു ജോക്കോവിച്ചിന്‍റെ നേതൃത്വത്തിൽ ബെൽഗ്രേഡിലും സദറിലുമായി ടൂർണമെന്‍റ് സംഘടിപ്പിച്ചത്. രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ തന്നെ ടൂർണമെന്‍റ് ഉപേക്ഷിക്കുകയായിരുന്നു. ടൂർണമെന്‍റിൽ പങ്കെടുത്ത മൂന്നാമത്തെ താരത്തിനും കോവിഡ് സ്ഥിരീകരിച്ചതോടെ ശാരീരിക അകലം പാലിക്കാതെ മത്സരങ്ങൾ നടത്തിയതും കാണികളെ പ്രവേശിപ്പിച്ചതും വിവാദമായി. വിമർശനം കടുത്തതോടെ വിശദീകരണവുമായി ജോക്കോവിച്ച് രംഗത്തെത്തിയിരുന്നു. ലോകത്തിന്‍റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് സെർബിയയിൽ കോവിഡ് വ്യാപനം അത്ര ഗുരുതരമല്ല എന്നായിരുന്നു ജോക്കോവിച്ചിന്‍റെ വാദം.

എന്നാൽ ടൂർണമെന്‍റിനിടെ താരങ്ങൾ ബാസ്കറ്റ്ബോൾ കളിക്കുന്നതിന്‍റെയും ഒത്തൊരുമിച്ചു നൃത്തം ചെയ്യുന്നതിന്‍റെയും വിഡിയോ പുറത്തുവന്നത് ജോക്കോവിച്ചിനെ പ്രതിരോധത്തിലാക്കി. കോവിഡ് സ്ഥിരീകരിച്ച താരങ്ങൾക്കൊപ്പം ജോക്കോവിച്ച് ഉൾപ്പെടെയുള്ളവർ അടുത്ത് ഇടപഴകുന്നത് ഈ ദൃശ്യങ്ങളിൽ വ്യക്തമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed