റിസർവ് താരമായിട്ടും ലോകകപ്പ് ടീമിൽ ഇടമില്ല: വിരമിക്കൽ പ്രഖ്യാപിച്ച് അന്പാട്ടി റായിഡു


മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം അന്പാട്ടി റായുഡു രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. ലോകകപ്പ് ടീമിലേക്കു പരിഗണിക്കപ്പെടാനുള്ള അവസാന വഴിയും അടഞ്ഞതിനു പിന്നാലെയാണ് ഐ.പി.എൽ ഉൾപ്പെടെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും മുപ്പത്തിമൂന്നുകാരനായ റായുഡു വിരമിക്കൽ പ്രഖ്യാപിച്ചത്. വിജയ് ശങ്കറിന് പരുക്കേറ്റതോടെ ലോകകപ്പ് ടീമിൽ ഇടംപിടിക്കാൻ റായുഡുവിനു വഴിതെളിഞ്ഞതാണ്. എന്നാൽ, റിസർവ് താരമായ റായുഡുവിനെ തഴഞ്ഞ് കർണാടക താരം മായങ്ക് അഗർവാളിനെയാണ് സിലക്ടർമാർ പരിഗണിച്ചത്.    

ഇന്ത്യയുടെ ലോകകപ്പ് ഒരുക്കങ്ങളിൽ നിർണായക ഘടകമായിരുന്ന റായുഡു ഒരുവേള ടീമിൽ സ്ഥാനം ഉറപ്പിച്ച താരമായിരുന്നു. എന്നാൽ, ലോകകപ്പ് തുടങ്ങുന്നതിനു തൊട്ടുമുന്പുള്ള പരന്പരകളിൽ നിറംമങ്ങിയതാണ് താരത്തിന് തിരിച്ചടിയായത്. രാജ്യാന്തര പരന്പരകൾക്കു പിന്നാലെ ഐ.പി.എല്ലിലും നിറംമങ്ങിയതോടെ അവസാന പ്രതീക്ഷയും നഷ്ടപ്പെട്ടു. 

ലോകകപ്പ് ടീമിൽ ഇടം ലഭിക്കാതെ പോയതോടെ പരസ്യ പ്രതികരണവുമായി റായുഡു രംഗത്തെത്തിയിരുന്നു. റായുഡുവിനു പകരം വിജയ് ശങ്കറിനെ പരിഗണിക്കാനുള്ള കാരണമായി ചീഫ് സിലക്ടർ എം.എസ്.കെ. പ്രസാദ് പറഞ്ഞ കാരണം വിജയ് ശങ്കർ ‘ത്രീ ഡയമെൻഷന’ൽ താരമാണെന്നായിരുന്നു. ബോളിങ്ങിലും ബാറ്റിങ്ങിലും ഫീൽഡിങ്ങിലും ഒരേപോലെ ഉപയോഗപ്പെടുത്താവുന്ന താരമെന്ന് ചുരുക്കം. ഈ പരാമർശത്തെ പരിഹസിച്ച്, ‘ഞാനൊരു ത്രീഡി കണ്ണട’യ്ക്ക് ഓർഡർ നൽകിയെന്ന് ട്വീറ്റ് ചെയ്തും റായുഡു വിവാദത്തിൽപ്പെട്ടു. ലോകകപ്പ് ടീമിലേക്കു പരിഗണിക്കപ്പെടാതിരിക്കാൻ ഇതും കാരണമായി വിലയിരുത്തപ്പെടുന്നു. 

ഇന്ത്യയ്ക്കായി 55 ഏകദിനങ്ങളിലും ആറു ട്വന്റി20കളിലും റായിഡു കളിച്ചു. ഏകദിനത്തിൽ മൂന്നു സെഞ്ചുറിയും 10 അർധസെഞ്ചുറിയും സഹിതം 47.05 റൺ ശരാശരിയിൽ 1694 റൺസ് നേടി. പുറത്താകാതെ നേടിയ 124 റൺസാണ് ഉയർന്ന സ്കോർ. ആറു ട്വന്റിയിൽ നിന്ന് 42 റൺസ് മാത്രമേ നേടാനായുള്ളൂ. 20 റൺസാണ് ഉയർന്ന സ്കോർ. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed