ലോകകപ്പിലെ മഴക്കളി: ഐ.സി.സിക്കെതിരെ പ്രതിഷേധം ശക്തം
ലണ്ടൻ: ലോകകപ്പ് മത്സരങ്ങൾ തുടരെ മഴയിൽ ഒലിച്ചു പോകാൻ തുടങ്ങിയതോടെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനെതിരെ പ്രതിഷേധം ശക്തം. മനുഷ്യൻ ചന്ദ്രനിൽ പോകുന്ന കാലത്തും ലോകകപ്പ് മത്സരങ്ങൾക്ക് റിസർവ് ദിനങ്ങളില്ലാത്തത് കഷ്ടമാണെന്നാണ് ബംഗ്ലദേശ് കോച്ച് സ്റ്റീവ് റോഡ്സ് തുറന്നടിച്ചത്.
കഴിഞ്ഞ ദിവസം ബ്രിസ്റ്റളിൽ ബംഗ്ലദേശ്– ശ്രീലങ്ക മത്സരം മഴ മൂലം ഉപേക്ഷിച്ചതിനെത്തുടർന്നായിരുന്നു ഇംഗ്ലിഷുകാരൻ കുടിയായ റോഡ്സിന്റെ പ്രതികരണം. റിസർവ് ദിനങ്ങൾ ഉള്ളതാണ് നല്ലതെന്ന് ശ്രീലങ്ക ക്യാപ്റ്റൻ ദിമുത് കരുണരത്നെയും പറഞ്ഞു. മഴമൂലം കളികൾ മുടങ്ങിയാൽ നോക്കൗട്ട് ഘട്ടത്തിലേക്കുള്ള പ്രവേശനം ദുർഘടമാക്കുമെന്ന് ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചും അഭിപ്രായപ്പെട്ടു.
മൊത്തം മൂന്നു കളികൾ ഉപേക്ഷിക്കേണ്ടി വന്നതോടെ ഏറ്റവും കൂടുതൽ മത്സരങ്ങൾ ഉപേക്ഷിക്കപ്പെട്ട ലോകകപ്പ് എന്ന ചീത്തപ്പേരും ഇത്തവണയുണ്ട്. 1992, 2003 ലോകകപ്പുകളിൽ 2 മത്സരങ്ങൾ വീതം മഴ മൂലം നഷ്ടമായിരുന്നു. അതേസമയം. മത്സരങ്ങൾ മുടങ്ങുന്നതിനാൽ വിദേശങ്ങളിൽ നിന്നടക്കം എത്തിയ ആരാധകർ കടുത്ത നിരാശയിലാണ്. വളരെയേറെ പണം മുടക്കിയെത്തിയിട്ടും ഒരു പന്തു പോലും എറിയാതെ മത്സരങ്ങൾ ഉപേക്ഷിക്കുന്നതു കണ്ടു മടങ്ങേണ്ടി വരികയാണ് ഇവർ.
റിസർവ് ദിനങ്ങൾ ഏർപ്പെടുത്തുന്നത് മത്സരസംഘാടനം അസാധ്യമാക്കുമെന്ന നിലപാടിലാണ് ഐ.സി.സി. നിലവിൽ സെമി, ഫൈനൽ മത്സരങ്ങൾക്കു മാത്രമാണ് റിസർവ് ദിനങ്ങളുള്ളത്.
മുന്പ് ഇംഗ്ലണ്ട് ലോകകപ്പിന് ആതിഥേയത്വം വഹിച്ചപ്പോഴും മത്സരങ്ങൾ മെയ്, ജൂൺ മാസങ്ങളിലായിരുന്നു. അതേസമയം, മഴയ്ക്കു കൂടുതൽ സാധ്യതയുള്ള ജൂലൈയിലാണ് ഇത്തവണ സെമിയും ഫൈനലമുടക്കമുള്ള പ്രധാന മത്സരങ്ങൾ. ഇംഗ്ലണ്ടിൽ ആഭ്യന്തര സീസൺ ആരംഭിക്കുന്നത് മാർച്ച് അവസാനത്തോടെയാണ്. പൊതുവെ മഴ കുറഞ്ഞ ആ സമയത്തോ മേയിൽ തുടങ്ങി ജൂൺ പകുതിയോടെ തീരുന്ന ക്രമത്തിലോ ലോകകപ്പ് സംഘടിപ്പിക്കാമായിരുന്നെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.

