ദക്ഷിണാഫ്രിക്കയെ എട്ടു വിക്കറ്റിന് തകർത്ത് ഇന്ത്യ ചാംപ്യൻസ് ട്രോഫി സെമിയിൽ
ലണ്ടൻ : ദക്ഷിണാഫ്രിക്കയെ എട്ടു വിക്കറ്റിന് തകർത്ത് ഇന്ത്യ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിന്റെ സെമിയിൽ. ദക്ഷിണാഫ്രിക്ക ഉയർത്തിയ 192 റൺസ് വിജയലക്ഷ്യം 12 ഓവർ ബാക്കി നിൽക്കെ രണ്ടു വിക്കറ്റ് നഷ്ടത്തിൽ മറികടന്നാണ് നിലവിലെ ചാംപ്യൻമാരായ ഇന്ത്യയുടെ സെമിപ്രവേശം.
അർധസെഞ്ചുറി നേടിയ ഓപ്പണർ ശിഖർ ധവാൻ (78), ക്യാപ്റ്റൻ വിരാട് കോഹ്‍ലി (പുറത്താകാതെ 76) എന്നിവരാണ് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്ത 128 റൺസ് ഇന്ത്യൻ വിജയത്തിൽ നിർണായകമായി. 15നു നടക്കുന്ന സെമിയിൽ അയൽക്കാരായ ബംഗ്ലദേശാകും ഇന്ത്യയുടെ എതിരാളികൾ.
കളിയുടെ എല്ലാ മേഖലയിലും ദക്ഷിണാഫ്രിക്കയെ അതിശയിക്കുന്ന പ്രകടനത്തോടെയാണ് ഇന്ത്യയുടെ സെമിപ്രവേശം. കരുത്തുറ്റ താരങ്ങൾ നിറഞ്ഞ ദക്ഷിണാഫ്രിക്കയെ ഇന്ത്യൻ ബോളർമാർ 191 റൺസിന് പുറത്താക്കിയപ്പോൾ, ഡിവില്ലിയേഴ്സും ഡേവിഡ് മില്ലറും ഉൾപ്പെടെയുള്ള അപകടകാരികളെ റണ്ണൗട്ടാക്കി ഇന്ത്യൻ ഫീൽഡർമാർ ഉജ്വല പിന്തുണ നൽകി.
താരതമ്യേന ചെറിയ വിജയലക്ഷ്യം, അനാവശ്യമായ തിടുക്കമൊന്നും കാട്ടാതെ ഉത്തരവാദിത്വത്തോടെയുള്ള ബാറ്റിങ്ങിലൂടെ അനായാസം മറികടക്കാനായി. എട്ടോവറിൽ 28 റൺസ് വഴങ്ങി രണ്ടുവിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയാണ് കളിയിലെ താരം.

