ഖത്തര്‍ പ്രതിസന്ധി : കുവൈത്ത് വിമാനത്താവളത്തില്‍ വൻ തിരക്ക്
കുവൈത്ത് സിറ്റി : ഖത്തര്‍ നയതന്ത്ര പ്രതിസന്ധിയെ തുടര്‍ന്ന് കുവൈത്ത് വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസങ്ങളിൽ തിരക്ക് അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ട്. സൗദി, ബഹറൈന്‍, യുഎഇ മുതലായ രാഷ്ട്രങ്ങള്‍ ഖത്തറിലേക്കും തിരിച്ചുമുള്ള വ്യോമ ഗതാഗതം നിര്‍ത്തിവെച്ചത് മൂലമാണ് കുവൈത്ത് വിമാന താവളം വഴി യാത്രചെയ്യുന്നവരുടെ എണ്ണത്തിൽ വര്‍ദ്ധനാവുണ്ടായത്.
യുഎഇ, സൗദി, ബഹറൈന്‍ എന്നീ രാഷ്ട്രങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചതോടെയാണു വ്യോമ ഗതാഗതം താറുമാറായത്. ഇതിനു പരിഹാരമായി ഈ രാജ്യങ്ങളില്‍ നിന്നും തിരിച്ചുമുള്ള യാത്രക്കാര്‍ ഇടത്താവളമായി കുവൈത്ത് വിമാന താവളത്തെയാണ് ആശ്രയിക്കുന്നത്. ഇതോടെയാണു കുവൈത്ത് വിമാനത്താവളത്തില്‍ അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെടുന്നത്.
കഴിഞ്ഞ 2 ദിവസങ്ങളിലായി കുവൈത്തില്‍ നിന്നു ഖത്തറിലേക്കും തിരിച്ചുമായി ആകെ 44 സര്‍വ്വീസുകളാണു നടത്തിയത്. ഈ രാജ്യങ്ങളില്‍ നിന്നും ഖത്തറിലേക്കും തിരിച്ചുമുള്ള യാത്രക്കാര്‍ മറ്റു സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയതോടെ പ്രധാനമായും കുവൈത്ത് എയര്‍വ്വെയ്‌സ് വിമാന കമ്പനിയെയാണു ആശ്രയിക്കുന്നത്. ഇതിനു പുറമേ മധ്യ വേനല്‍ അവധിയും റംസാനും പ്രമാണിച്ച് നാട്ടിലേക്ക് പോകുന്ന യാത്രക്കാരുടെ വർധനവും ഇപ്പോള്‍ അനുഭവപ്പെടുന്ന തിരക്കിനു കാരണമാകുന്നുണ്ട്.

