ലോക ലെജൻഡ്സ് ചാമ്പ്യൻഷിപ്പ്; കിരീടം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക

ഷീബ വിജയൻ
ബെര്‍മിംഗ്ഹാം I ലോക ലെജന്‍ഡ്‌സ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ പാക്കിസ്ഥാനെ തകര്‍ത്ത് ദക്ഷിണാഫ്രിക്കയ്ക്ക് കിരീടം. എ.ബി.ഡി വില്ലിയേഴ്‌സിന്‍റെ സെഞ്ചുറി (120) ബലത്തില്‍ ഒമ്പതു വിക്കറ്റിന്‍റെ തകർപ്പൻ ജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. സ്കോർ: പാക്കിസ്ഥാൻ 195/5, ദക്ഷിണാഫ്രിക്ക 197/1. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് നേടി. കേവലം 16.5 ഓവറില്‍ ഒരുവിക്കറ്റ് മാത്രം നഷ്ടത്തില്‍ 197 റൺസ്നേടി ദക്ഷിണാഫ്രിക്ക ജയം സ്വന്തമാക്കി. മോശം തുടക്കമായിരുന്നു പാക്കിസ്ഥാന്. സ്‌കോര്‍ബോര്‍ഡില്‍ 14 റണ്‍സ് മാത്രമുള്ളപ്പോള്‍ കമ്രാന്‍ അക്മലിന്‍റെ (രണ്ട്) വിക്കറ്റ് നഷ്ടമായി. തുടര്‍ന്നെത്തിയ മുഹമ്മദ് ഹഫീസിനും (17) തിളങ്ങാന്‍ സാധിച്ചില്ല. ഷര്‍ജീല്‍ ഖാന്‍റെ അര്‍ധ സെഞ്ചുറി (76) ആണ് പാക്കിസ്ഥാന് മികച്ച സ്‌കോര്‍ കണ്ടെത്താന്‍ സഹായകമായത്. ഉമര്‍ അമിന്‍ (36), ഷുഹൈബ് മാലിക് (20), ആസിഫ് അലി (28), ക്യാപ്റ്റന്‍ മുഹമ്മദ് ഹഫീസ് (17) എന്നിവരും രണ്ടക്കം കടന്നു. ദക്ഷിണാഫ്രിക്കയ്ക്കായി വില്‍ജോയനും പാര്‍നലും രണ്ടുവീതം വിക്കറ്റുകള്‍ നേടിയപ്പോള്‍ ഒളിവിയറിന് ഒരു വിക്കറ്റ് ലഭിച്ചു. ദക്ഷിണാഫ്രിക്കയ്ക്കായി ഡിവില്ലിയേഴ്‌സിനു പുറമെ ജീന്‍പോള്‍ ഡുമിനി (50) തകർപ്പൻ പ്രകടനം പുറത്തെടുത്തു. ഓപ്പണര്‍ ഹാഷിം അംല (18) മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പുറത്തായത്. ഡിവില്ലിയേഴ്‌സും ഡുമിനിയും ചേര്‍ന്ന് 123 റണ്‍സിന്‍റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. പാക് നിരയില്‍ സഈദ് അജ്മലിന് മാത്രമാണ് വിക്കറ്റ് നേടാനായത്. ഡിവില്ലിയേഴ്‌സിനെ ഫൈനലിലെയും ടൂര്‍ണമെന്‍റിലെയും താരമായി തെരഞ്ഞെടുത്തു. ടൂര്‍ണമെന്‍റിലെ ഡിവില്ലിയേഴ്‌സിന്‍റെ മൂന്നാമത്തെ സെഞ്ചുറിയാണിത്. ഓസ്‌ട്രേലിയക്കെതിരേ 39 പന്തിലും ഇംഗ്ലണ്ടിനെതിരേ 41 പന്തിലും സെഞ്ചുറി കണ്ടെത്തിയിരുന്നു.
CADSXXCX