ഞാനല്ല, ഇന്ത്യൻ ക്രിക്കറ്റാണ് പ്രധാനം; തന്റെ ഭാവി ബി.സി.സി.ഐക്ക് തീരുമാനിക്കാമെന്ന് ഗംഭീർ
ഷീബ വിജയ൯
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂർണ തോൽവിക്കു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീർ പ്രതികരണവുമായി രംഗത്തെത്തി. താൻ ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്ത് തുടരാൻ അർഹനാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് ബി.സി.സി.ഐ ആണെന്ന് ഗുവാഹാട്ടി ടെസ്റ്റിലെ തോൽവിക്ക് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ ഗംഭീർ പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്ക്കെതിരേ രണ്ടാം ടെസ്റ്റിൽ 408 റൺസിനാണ് ഇന്ത്യ തോറ്റത്. 25 വർഷത്തിനിടെ ഇതാദ്യമായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യൻ മണ്ണിൽ ടെസ്റ്റ് പരമ്പര നേടുന്നത്, അതും വൈറ്റ് വാഷ് വിജയം. വാർത്താ സമ്മേളനത്തിൽ കടുത്ത ചോദ്യങ്ങളാണ് ഗംഭീറിന് നേരിടേണ്ടി വന്നത്.
"ഇത് ബി.സി.സി.ഐ തീരുമാനിക്കേണ്ട കാര്യമാണ്. ഞാൻ മുമ്പും പറഞ്ഞിട്ടുണ്ട്, ഇന്ത്യൻ ക്രിക്കറ്റാണ് പ്രധാനം, ഞാനല്ല. ഇംഗ്ലണ്ടിൽ റിസൾട്ട് ഉണ്ടാക്കിയ, ചാമ്പ്യൻസ് ട്രോഫി നേടിയ, ഏഷ്യാ കപ്പ് നേടിയ അതേ വ്യക്തിയാണ് ഞാൻ. ഇത് പഠിച്ചുവരുന്ന ഒരു ടീമാണ്." "നമ്മൾ നന്നായി കളിക്കേണ്ടതുണ്ട്. ഒന്നിന് 95 റൺസെന്ന നിലയിൽ നിന്ന് ഏഴിന് 122 റൺസെന്ന വീഴ്ച അംഗീകരിക്കാനാകില്ല." ഇന്ത്യൻ ടീമിലെ ഓരോ വ്യക്തിയും ഈ പരമ്പര തോൽവിക്ക് ഉത്തരവാദികളാണെന്ന് ഗംഭീർ പറഞ്ഞു. എന്നാൽ കുറ്റം തന്നിൽ നിന്നാണ് ആരംഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗംഭീറിനു കീഴിൽ കളിച്ച 18 ടെസ്റ്റുകളിൽ 10-ലും ഇന്ത്യയ്ക്ക് തോൽവിയായിരുന്നു ഫലം.
asadsads
