കടൽപ്പാതകളിലെ തടസ്സം: ബഹ്‌റൈനിൽ ചരക്ക് ഗതാഗത ചെലവ് ഉയരുന്നു; ചെറുകിട സ്ഥാപനങ്ങൾ പ്രതിസന്ധിയിൽ


പ്രദീപ് പുറവങ്കര

മനാമ: പ്രമുഖ അന്താരാഷ്ട്ര സമുദ്ര പാതകളിലുണ്ടായ തടസ്സങ്ങളെ തുടർന്ന് ബഹ്‌റൈനിലേക്കുള്ള ചരക്ക് ഗതാഗത ചെലവും ഡെലിവറി സമയവും വർദ്ധിച്ചതായി റിപ്പോർട്ട്. അതേസമയം, ഗതാഗത റൂട്ടുകൾ മാറ്റി സ്ഥാപിച്ചും സൗദി അറേബ്യ വഴിയുള്ള റോഡ് മാർഗ്ഗങ്ങളെ ആശ്രയിച്ചും ബഹ്‌റൈൻ അവശ്യവസ്തുക്കളുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പുവരുത്തുന്നുണ്ട്. എങ്കിലും ഉയർന്ന ഫ്രൈറ്റ് നിരക്കുകൾ രാജ്യത്തെ ചെറുകിട-ഇടത്തരം ഇറക്കുമതി സ്ഥാപനങ്ങൾക്ക് (SMEs) വലിയ സാമ്പത്തിക പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

തുറമുഖങ്ങൾ, ലോജിസ്റ്റിക്സ് കമ്പനികൾ, മറ്റ് സർക്കാർ സംവിധാനങ്ങൾ എന്നിവരുടെ സംയുക്ത നീക്കത്തിലൂടെയാണ് ചരക്ക് വിതരണം സുഗമമാക്കാൻ സാധിച്ചതെന്ന് പാർലമെന്റിന്റെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതി അംഗം ഹസൻ ഇബ്രാഹിം എം.പി വ്യക്തമാക്കി. അതേസമയം ഹോർമുസ് കടലിടുക്കിലെയും ബാബ് അൽ മന്ദാബിലെയും തടസ്സങ്ങൾ അന്താരാഷ്ട്ര വ്യാപാരത്തിന്റെ സങ്കീർണ്ണത വർദ്ധിപ്പിക്കുന്നുണ്ട്. വലിയ കമ്പനികളെ അപേക്ഷിച്ച് പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക ഭാരം താങ്ങാനോ വലിയ സ്റ്റോക്കുകൾ സൂക്ഷിക്കാനോ ചെറുകിട വ്യാപാരികൾക്ക് സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭാവിയിലുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കൂടുതൽ രാജ്യങ്ങളിൽ നിന്ന് ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക, തന്ത്രപ്രധാനമായ സ്റ്റോക്കുകൾ ശേഖരിക്കുക, കര-വ്യോമ-സമുദ്ര മേഖലകളിൽ പകരം ഗതാഗത മാർഗ്ഗങ്ങൾ സജ്ജമാക്കുക എന്നിവ അത്യാവശ്യമാണെന്ന് ശൂറ കൗൺസിൽ ഫിനാൻഷ്യൽ ആൻഡ് ഇക്കണോമിക് അഫയേഴ്‌സ് കമ്മിറ്റി അംഗം ഹിഷാം അൽ ഖസ്സാബ് അഭിപ്രായപ്പെട്ടു. പെട്ടെന്ന് നിരക്കുകൾ ഉയരുമ്പോൾ ചെറുകിട ഇറക്കുമതിക്കാർക്ക് കസ്റ്റംസ് ഇളവുകളും അടിയന്തര വായ്പകളും ലഭ്യമാക്കണമെന്നും ജി.സി.സി രാജ്യങ്ങൾ സംയുക്തമായി വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

article-image

csdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed