സൗദിയിൽ പാസ്പോർട്ട് പുതുക്കാൻ വൻ തിരക്ക്
ജിദ്ദ : എമിഗ്രേഷൻ ക്ലിയറൻസില്ലാത്തവരെ നാട്ടിലെ എയർപോർട്ടുകളിൽ തടയുന്നുവെന്ന വാർത്ത പ്രചരിച്ചതിനെ തുടർന്ന് സൗദി അറേബ്യയിലെ പാസ്‌പോർട്ട് സേവന കേന്ദ്രങ്ങളിൽ വൻ തിരക്ക്. റിയാദിലും ജിദ്ദയിലും എമിഗ്രേഷൻ ക്ലിയറൻസ് (ഇ.സി.എൻ.ആർ) രേഖപ്പെടുത്താൻ പ്രതിദിനം നൂറിലേറെഅപേക്ഷകളാണ് ലഭിക്കുന്നത്. റീ എൻട്രിയിൽ പോയി തിരിച്ചുവരുന്നവരെ എമിഗ്രേഷൻ ക്ലിയറൻസിന്റെ പേരിൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽനിന്ന് തിരിച്ചയക്കുന്നതായാണ് റിപ്പോർട്ട്.
കേരളത്തിൽ ഇത്തരം സംഭവങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ദൽഹി, ഉത്തർ പ്രദേശ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലാണ് പ്രശ്‌നം. നേരത്തെ എമിഗ്രേഷൻ ക്ലിയറൻസില്ലാതെ വിദേശത്ത് പോയി തിരിച്ചുവന്നവർക്കാണ് യാത്രാ അനുമതി നിഷേധിക്കുന്നത്. എമിഗ്രേഷൻ ക്ലിയറൻസിന് അപേക്ഷ നൽകുന്നവരി ൽ ഉത്തരേന്ത്യക്കാരാണ് കൂടുതലെങ്കിലും മലയാളികളും അപേക്ഷയുമായി എത്തു ന്നുണ്ട്. രാവിലെ തന്നെ നീണ്ട നിര വി.എഫ്.എസ് സെന്ററുകൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നു. പലപ്പോഴും അപേക്ഷകരെ തിരിച്ചയക്കേണ്ടി വരുന്നുണ്ട്. പാസ്പോർട്ട് സംബന്ധമായ മറ്റു സേവനങ്ങൾക്കെത്തുന്നവരും അതിരാവിലെ വി.എഫ്.എസ് കേന്ദ്രങ്ങളിലെത്തേണ്ട അവസ്ഥയാണ്.
ഇന്ത്യയിൽ എല്ലാ വിമാന ത്താവളങ്ങളിലും എമിഗ്രേഷൻ പരിശോധന നിലവിൽ കർശനമാണ്. എമിഗ്രേഷൻ നടപടികൾ ഇത്ര കർശനമല്ലാത്ത സമയത്ത് സൗദി അറേബ്യയിൽ എത്തുകയും ജോലി തുടരുകയും ചെയ്തവർ അവരുടെ എമിഗ്രേഷൻ ക്ലിയറൻസിനെ കുറിച്ച് ഇതുവരെ ചിന്തിച്ചിരുന്നില്ല. വർഷങ്ങളോളം വിദേശത്ത് ജോലി ചെയ്ത് റീ എൻട്രിയിൽ പോയി മടങ്ങിവരുന്നവരെ എമിഗ്രേ ഷൻ ക്ലിയറൻസിന്റെ പേരിൽ തടഞ്ഞുവെക്കാറില്ലെന്ന് ബന്ധപ്പെട്ടവർ വിശദീകരിക്കുന്നു.

