ബി.ജെ.പി ന്യൂനപക്ഷ മോർച്ച നേതാവിന്റെ മുസ്‍ലിംവിരുദ്ധ പ്രസ്താവന വിവാദത്തിൽ; സൗദി കിരീടാവകാശിക്കെതിരെയും വെല്ലുവിളി
ഷീബ വിജയൻ
മുംബൈ: കടുത്ത മുസ്‍ലിംവിരുദ്ധ വിദ്വേഷ പ്രസ്താവനയുമായി വിവാദ ബിജെപി ന്യൂനപക്ഷ മോർച്ച നേതാവും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകയുമായ നസിയ ഇലാഹി ഖാൻ രംഗത്ത്. സർക്കാർ, സ്വകാര്യ മേഖലകളിലെ ജോലികളിൽനിന്ന് മുസ്‍ലിംകളെ ബഹിഷ്കരിക്കണമെന്ന് നാസിയ സനാതനി എന്ന പേരിൽ അറിയപ്പെടുന്ന ഇവർ ആവശ്യപ്പെട്ടു. രണ്ട് മുതൽ മൂന്ന് വർഷം വരെ മുസ്‍ലിംകളെ ജോലിക്കെടുക്കരുതെന്നാണ് ഹിന്ദുക്കളോട് ഇവർ ആഹ്വാനം ചെയ്തത്. ഹിന്ദുക്കൾക്കെതിരെ ഒന്നിലധികം തരത്തിലുള്ള ജിഹാദും പാകിസ്താൻ നുഴഞ്ഞുകയറ്റവും നടക്കുന്നുണ്ടെന്നും ഇവർ ആരോപിച്ചു. പാകിസ്താനിൽ നിന്നുള്ള തീവ്രവാദികൾക്കെതിരെ മാത്രമല്ല, പാകിസ്താനെ ആരാധിക്കുന്ന രാജ്യത്തിനുള്ളിലെ സ്വന്തം ആളുകൾക്കെതിരെയും ഇന്ത്യ പോരാടുന്നുണ്ടെന്ന് നാസിയ പറഞ്ഞു.
ഹിന്ദുക്കളെ മതം മാറ്റുന്നതിനായി മുസ്‍ലിംകൾ നിരവധി രഹസ്യ പ്രചാരണങ്ങൾ നടത്തുന്നുണ്ടെന്നും, അവിശ്വാസികൾക്കെതിരായ അക്രമത്തിന് ഖുർആൻ അനുമതി നൽകുന്നുണ്ടെന്നും അവർ ആരോപിച്ചു. അല്ലാഹുവിനെയും പ്രവാചകനെയും പിന്തുടരാത്തവരെ കൊല്ലണം എന്ന് സൂറ ബഖറയും സൂറ തൗബയും പറയുന്നുണ്ടെന്നും ഇസ്‌ലാമിലേക്കുള്ള ക്ഷണം നിർബന്ധമാണെന്നും വ്യക്തമാക്കിയ അവർ, അത് നിഷേധിക്കാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ വെല്ലുവിളിക്കുകയും ചെയ്തു. 120 കോടി ഹിന്ദുക്കൾ ജാഗ്രത പാലിക്കണമെന്നും ഭാരത് മാതാ കീ ജയ് അല്ലെങ്കിൽ വന്ദേമാതരം ചൊല്ലാൻ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മുസ്‍ലിംകൾ വിസമ്മതിക്കുകയാണെന്നും നാസിയ ആരോപിച്ചു.
ഈ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപക വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. തൊഴിൽ ബഹിഷ്‌കരണത്തിനുള്ള ആഹ്വാനങ്ങളും മതഗ്രന്ഥങ്ങളെ മനഃപൂർവ്വം തെറ്റായി ചിത്രീകരിക്കുന്നതും സാമുദായിക ഐക്യത്തിന് ഭീഷണിയാകുന്ന വിദ്വേഷ പ്രസംഗമാണെന്ന് നിരവധി ആളുകൾ മുന്നറിയിപ്പ് നൽകി. മുമ്പും മുസ്‍ലിംകൾക്കെതിരെ അവഹേളനപരവും പ്രകോപനപരവുമായ നിരവധി പരാമർശങ്ങൾ നടത്തിയിട്ടുള്ള വ്യക്തിയാണ് നസിയ ഇലാഹി ഖാൻ.
DFSDFSADSADS

