വിദേശികൾക്ക് പോളിക്ലിനിക്കുകളിൽ നിക്ഷേപം : നിയമ ഭേദഗതി ശൂറാ കൗൺസിൽ തള്ളി
ജിദ്ദ : സൗദി അറേബ്യയിൽ സ്വകാര്യ ഹെൽത്ത് സെന്ററുകളിലും പോളിക്ലിനിക്കുകളിലും നിക്ഷേപമിറക്കാൻ വിദേശികളെ അനുവദിക്കണമെന്ന വിദഗ്ധ സമിതിയുടെ നിർദ്ദേശം ശൂറാ കൗൺസിൽ വോട്ടിനിട്ട് തള്ളി. 87 പേരാണ് നിർദ്ദേശത്തെ എതിർത്ത് വോട്ടു ചെയ്തത്.സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ നിയമ വ്യവസ്ഥയിലെ രണ്ടാം ആർട്ടിക്കിളിലെ ഒന്നാം ഖണ്ധികയിൽ ഭേദഗതി വരുത്തി വിദേശി നിക്ഷേപകർക്കും സ്വകാര്യ മേഖലയിൽ നിക്ഷേപമിറക്കാനുള്ളതായിരുന്നു നിർദ്ദേശം. ആശുപത്രികൾക്കൊഴികെ, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം സൗദികൾക്കായിരിക്കണമെന്ന ഖണ്ധികയിലാണ് ഭേദഗതി നിർദ്ദേശം അവതരിപ്പിച്ചത്.
ആരോഗ്യ മേഖലയിൽ പ്രാക്ടീസ് ചെയ്യുന്ന നിരവധി സ്വദേശികളുണ്ടെന്നും അവർക്കെല്ലാം ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ജോലി നൽകാൻ സാധിക്കില്ലെന്നും അവർക്ക് സ്വന്തമായി ആരോഗ്യ സ്ഥാപനങ്ങൾ തുടങ്ങാൻ പിന്തുണ നൽകണമെന്നും ശൂറയിലെ ആരോഗ്യസമിതി ആവശ്യപ്പെട്ടു. നിലവിൽ 30 മുതൽ 1000 വരെ ബെഡുകളുള്ള ആശുപത്രികളിൽ മുതൽ മുടക്കാൻ വിദേശികൾക്ക് അനുമതിയുണ്ട്. അതിനാൽ സൗദി മാർക്കറ്റിൽ വിദേശികൾക്ക് യാതൊരു തടസ്സവുമില്ല. തുടർന്നാണ് വോട്ടെടുപ്പ് നടന്നത്. അബ്ദുല്ല അൽഉതൈബി, അദ്‌നാൻ അൽബാർറ്, മുന ആൽമുശൈത്, ഫൗസിയ അബാൽഖൈൽ, സഅദൂൻ അൽ സഅദൂൻ എന്നിവരാണ് ചർച്ചക്ക് നേതൃത്വം നൽകിയത്. നിയമ ഭേദഗതി വന്നാൽ ഈ മേഖലയിൽ നിക്ഷേപമിറക്കാൻ താൽപ്പര്യമുള്ള സൗദികൾക്ക് വെല്ലുവിളികളുണ്ടാകുമെന്നും സൗദികളെ പിന്തുണക്കുകയാണ് നാം ചെയ്യേണ്ടതെന്നും ഉതൈബി പറഞ്ഞു.
എക്‌സ്‌റേ സെന്ററുകൾ, ലബോറട്ടറികൾ, മെഡിക്കൽ അനുബന്ധ കേന്ദ്രങ്ങൾ എന്നിവയിൽ വിദേശി നിക്ഷേപത്തിന് അനുമതി നൽകിയാൽ വലിയ പ്രത്യാഘാതമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

