സൗദി കിരീടാവകാശിയും യു.എസ് പ്രസിഡണ്ടും കൂടിക്കാഴ്ച നടത്തി
റിയാദ് : യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാനും തമ്മിൽ കൂടിക്കാഴ്ച നടത്തി. ജൂണിൽ കിരീടാവകാശിയായശേഷം സൽമാൻ രാജകുമാരന്റെ ആദ്യ യു.എസ്. സന്ദർശനമാണിത്. സൗദിയുടെ നേതൃത്വത്തിൽ യെമനിൽ നടക്കുന്ന സൈനികനടപടിയെ യു.എസ് കോൺഗ്രസ് വിമർശിച്ചിരുന്നു.
മുൻ പ്രസിഡണ്ട് ബരാക് ഒബാമയുടെ കാലത്ത് ദുർബലമായ യു.എസ് സൗദി ബന്ധംശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത രാജകുമാരൻ ഊന്നിപ്പറഞ്ഞു. സൗദിയുടെ വൈരിയായ ഇറാനുമായി 2015−ൽ ഒബാമയുണ്ടാക്കിയ ആണവക്കരാറാണ് ഇരുരാജ്യവും തമ്മിലുള്ളബന്ധത്തിൽ വിള്ളലുണ്ടാക്കിയത്.ബന്ധം ഇപ്പോൾ നല്ല നിലയിലാണെന്ന് ട്രംപ് പറഞ്ഞു. കുറഞ്ഞകാലംകൊണ്ട് ഞങ്ങൾ നല്ല സുഹൃത്തുക്കളായി എന്ന് ഓവൽ ഓഫീസിൽ രാജകുമാരനടുത്തിരുന്ന് അദ്ദേഹം പറഞ്ഞു.
ഇറാനുമായി യു.എസ് ഉണ്ടാക്കിയ കരാർ മോശമായ ഒന്നാണെന്നാണ് ട്രംപിന്റെ അഭിപ്രായം. തിങ്കളാഴ്ച സൗദിയും ഇതേ അഭിപ്രായം പ്രകടിപ്പിച്ചു. കരാറിന്റെ കാര്യത്തിൽ എന്താണ് സംഭവിക്കുകയെന്ന് കാത്തിരുന്നു കാണാമെന്ന് ട്രംപ് പറഞ്ഞു. കരാർ റദ്ദാക്കണമെന്ന അഭിപ്രായക്കാരനാണ് അദ്ദേഹം. കരാറിനുള്ള പ്രസിഡണ്ടിന്റെ അംഗീകാരം ട്രംപ് പിൻവലിച്ചേക്കുമെന്നാണ് അഭ്യൂഹം.

