സൗദിയിൽ മാലിന്യം നീക്കാൻ നഗരസഭ ഫീസ് ഏർപ്പെടുത്തുന്നു
റിയാദ് : സൗദിയിൽ മാലിന്യം നീക്കംചെയ്യുന്നതിന് നഗരസഭ ഫീസ് ഈടാക്കും. നഗര ശുചീകരണം, മാലിന്യ നീക്കം എന്നിവയ്ക്ക് ഫീസ് ബാധകമാക്കി മുനിസിപ്പൽ ഗ്രാമകാര്യ മന്ത്രി എൻജിനീയർ അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ മാലിക് അൽ ശൈഖാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ഗാർഹിക കെട്ടിടങ്ങൾക്ക് സമീപത്തെ ശുചീകരണങ്ങൾക്ക് ഫീസ് ഈടാക്കില്ല.
രാജ്യത്തെ മുഴുവൻ വാണിജ്യസ്ഥാപനങ്ങൾക്കും നിയമം ബാധകമാണ്. ഹോട്ടലുകൾ, വിനോദ കേന്ദ്രങ്ങൾ, ഫർണിഷ്ഡ് അപ്പാർട്ട്മെന്റുകൾ, വെഹിക്കിൾ സർവ്വീസ് സെന്റർ, ഓഡിറ്റോറിയം, പെട്രോൾ േസ്റ്റഷനുകൾ, സ്കൂളുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്കു പ്രത്യേകം ഫീസ് നിരക്കുകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അഞ്ച് വിഭാഗങ്ങളായി തിരിച്ച് ഓരോന്നിനും വ്യത്യസ്തനിരക്കാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
ചെറുകിട വ്യാപാര കേന്ദ്രങ്ങൾ, സ്കൂളുകൾ എന്നിവയ്ക്ക് വിസ്തീർണത്തിനനുസരിച്ച് ചതുരശ്രമീറ്ററിന് മൂന്നര റിയാൽ ഈടാക്കും. ഹോട്ടലുകൾക്ക് പത്തും ആരോഗ്യ സ്ഥാപനങ്ങൾക്ക് അഞ്ചും റിയാലുമാണ് ചതുരശ്രമീറ്ററിന് നിരക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.

