ഹജ്ജ് തീ­ർ­ത്ഥാ­ടനം : വി­മാ­നക്കന്പനി­കളിൽ നി­ന്ന് ആഗോ­ള ടെ­ണ്ടർ വി­ളി­ക്കണമെ­ന്ന് ആവശ്യം


ജിദ്ദ : ഹജ്ജ് തീർത്ഥാടകർക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ വിമാനക്കന്പനികളിൽ നിന്ന് ആഗോള ടെണ്ടർ ക്ഷണിക്കണമെന്ന് ആവശ്യം. ഹജ്ജ് തീർത്ഥാകരിൽ നിന്ന് നിലവിൽ വിമാന യാത്രാക്കൂലി ഇനത്തിൽ പകൽക്കൊള്ള നടത്തുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആവശ്യവുമായി ജിദ്ദ ഇന്ത്യൻ സോഷ്യൽ ഫോറം രംഗത്തെത്തിയിരിക്കുന്നത്.

ഹജ്ജ് സബ്‌സിഡി കേന്ദ്ര സർക്കാർ എടുത്തുകളഞ്ഞതിന്റെ മറപിടിച്ച് ഹാജിമാരുടെ യാത്രാക്കൂലി വീണ്ടും ഉയർത്താനുള്ള ഗൂഢാലോചന പുതിയ നീക്കത്തിന് പിന്നിലുള്ളതായി സംശയിക്കേണ്ടിയിരിക്കുന്നു. ഏറ്റവും കുറഞ്ഞ യാത്രാക്കൂലി മാത്രം നൽകി ഹജ്ജിന് പോകാനുള്ള അവസരം ഉണ്ടാവണം. 

സബ്‌സിഡി നിർ‍ത്തിയതിലൂടെ ലഭിക്കുന്ന തുക ന്യൂനപക്ഷ വിഭാഗത്തിലെ പെൺ‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വിനിയോഗിക്കുമെന്ന പ്രഖ്യാപനം തട്ടിപ്പാണ്. 14 വയസ്സിന് താഴെയുള്ള രാജ്യത്തെ എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം രാജ്യത്തെ നിയമം അനുശാസിക്കുന്നു. ന്യൂനപക്ഷങ്ങൾ‍ക്ക് നിലവിൽ അനുവദിച്ച ആനുകൂല്യങ്ങൾ കൃത്യമായി നടപ്പാക്കിയാൽ മാത്രം ഈ പ്രശ്‌നങ്ങൾ പരിഹരിക്കാം. ഇതര മതവിഭാഗങ്ങൾക്ക് തീർത്ഥാടനത്തിന് നൽകിവരുന്ന സബ്‌സിഡിയെ കുറിച്ച് മൗനംപാലിക്കുന്ന കേന്ദ്രസർക്കാർ നയം വിവേചനപരമാണ്. 

കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കു കീഴിൽ 40 ദിവസത്തെ ഹജ്ജിന് നൽകേണ്ട തുക രണ്ട് ലക്ഷത്തോളം വരും. ഇതിന് പുറമെയാണ് ടിക്കറ്റിനുള്ള സബ്‌സിഡി. 30 ദിവസത്തെ ഉംറ പാക്കേജിന് സ്വകാര്യ ഗ്രൂപ്പുകൾ വാങ്ങുന്നത് 60,000 രൂപയിൽ താഴെയാണ്. സൗദിയിലേക്കുള്ള വിമാന യാത്രാ നിരക്ക് 32,000 മുതൽ 43,000 വരെയാണ്. എന്നാൽ എയർ ഇന്ത്യ ഈടാക്കുന്നത് 75,000 മുതൽ 1.65 ലക്ഷം രൂപ വരെയാണ്. വർദ്ധിച്ച ഈ തുകയിലേക്കാണ് സബ്‌ സിഡി. ഹജ്ജ് കമ്മിറ്റി മുഖേന ഏതാണ്ട് മൂവായിരത്തോളം പേർ ഹജ്ജിന്റെ പേരിൽ ദൂർത്ത് യാത്ര നടത്താറുണ്ട്. എയർ ഇന്ത്യയുടെ കൊള്ളയും ഉദ്യോഗസ്ഥ ധൂർത്തുമാണ് അവസാനിപ്പിക്കേണ്ടതെന്നും ഇന്ത്യൻ സോഷ്യൽ ഫോറം ചൂണ്ടിക്കാട്ടി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed