നിയോം പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് സൗദി
റിയാദ് : സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച 50,000 കോടി രൂപയുടെ മെഗാപദ്ധതിയുമായി സൗദി അറേബ്യ മുന്നോട്ട് തന്നെ. പുറത്തു വരുന്ന റിപ്പോർട്ടുകളനുസരിച്ച് മെഗാ പ്രൊജക്ടിന്‍റെ ഗുണം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ പ്രവാസികൾക്കും ലഭിക്കും.പത്ത് വർഷത്തിന് ശേഷം സൗദിയുടെ മുഖഛായ തന്നെ മാറ്റുന്ന വൻ പദ്ധതിയാണ് നിയോം എന്ന പേരിട്ടിരിക്കുന്ന പ്രൊജക്ടിലൂടെ സൗദി നടപ്പാക്കാനൊരുങ്ങുന്നത്. പദ്ധതി പൂർണതോതിലാകുന്നതോടെ ലക്ഷക്കണക്കിന് പ്രവാസികൾക്കും തൊഴിൽ നൽകാൻ കഴിയുമെന്നാണ് റിപ്പോർട്ട്.
സൗദി മുഖ്യമായും വരുമാനം നേടുന്ന പാരന്പര്യ റിസോഴ്സുകളിൽ നിന്നും മാറി എണ്ണയിതര റിസോഴ്സുകളിലൂടെ വരുമാനം കണ്ടെത്താനാണ് നിയോം പദ്ധതിയിലൂടെ എണ്ണ സന്പന്ന രാജ്യം ലക്ഷ്യമിടുന്നത്. രാജ്യത്തെ എണ്ണയിതര വരുമാനം വർദ്ധിപ്പിച്ച് തൊഴിൽ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനാണ്. ടൂറിസം, ഭക്ഷ്യോൽപ്പന്നങ്ങൾ, ഊർജ്ജം, ബയോടെക്‌നോളജി, ജലവിതരണം തുടങ്ങിയ മേഖലകളിലാണ് പദ്ധതികൾ ആരംഭിക്കുന്നത്.
വിഷൻ 2030ന്റെ ഭാഗമായി മറ്റു പല പദ്ധതികളും വരുന്നുണ്ട്. സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി പ്രവാസികളിൽ പലർക്കും തൊഴിൽനഷ്ടപ്പെട്ടെങ്കിലും പുതിയ പദ്ധതികൾ പ്രവാസികൾക്ക് പ്രതീക്ഷയേകുന്നതാണ്. 6,500 ചതുരശ്ര കിലോമീറ്റർ പ്രദേശത്താണ് സൗദിയുടെ മുഖം മാറ്റുന്ന പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
അയൽ രാജ്യങ്ങളായ ഈജിപ്ത്, ജോർദ്ദാൻ എന്നിവയുടെ അതിർത്തികളോട് ചേർന്നാണ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. ആടുത്ത ഏഴ് വർഷത്തിനുള്ളിൽ പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാകുമെന്നാണ് വിലിയരുത്തലുകൾ. പദ്ധതിയുടെ കൃത്യമായ നിർവ്‍വഹണത്തിനും മേൽനോട്ടത്തിനും സൗദി അറേബ്യ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.
നിയോം പദ്ധതിക്കു പുറമെ വിഷൻ 2030 എന്ന ഡ്രീം പ്രൊജക്ടിനും സൗദി തയ്യാറെടുക്കുന്നുണ്ടെന്നാണ് സൂചന. അതേസമയം, സൗദിയിൽ അടുത്തിടെ വരുത്തിയ സാന്പത്തിക അച്ചടക്കത്തിനെതിരേ രാജകുടുംബത്തിൽ നിന്നു തന്നെ പ്രതിഷേധം ഉയരുന്നുണ്ട്. ഇതിനിടയിൽ വാറ്റ് നടപ്പാക്കിയതും പ്രവാസികളെ ഏറെ വലച്ചിരുന്നു.
ഇതിനിടയിൽ മൊബൈൽ ഷോപ്പ്, ജ്വല്ലറി, ടാക്സി മേഖല എന്നിവിടങ്ങളിൽ സ്വദേശി വൽക്കരണം കർശനമായതോടെ ഒട്ടേറെ പ്രവാസികൾക്ക് സൗദിയിൽ തൊഴിൽ നഷ്ടപ്പെട്ടിരുന്നു.

