ജിദ്ദയിലെ മഴക്കെടുതി : നഷ്ടം കണക്കാക്കിത്തുടങ്ങി
ജിദ്ദ : ജിദ്ദയിൽ കനത്ത മഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ കണക്കാക്കാൻ സിവിൽ ഡിഫൻസിന് കീഴിൽ നടപടികൾ തുടങ്ങി. ജിദ്ദ ഗവർണർ അമീർ മിശ്അൽ ബിൻ മാജിദിെൻറ നിർദേശത്തെ തുടർന്നാണിത്.
വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് സിവിൽ ഡിഫൻസിന് കീഴിൽ അഞ്ച് സമിതികൾ നഷ്ടം കണക്കാക്കുന്ന ജോലികൾ ആരംഭിച്ചത്. ഗവർണറേറ്റ് അംഗങ്ങൾ, സിവിൽ ഡിഫൻസ്, ധനകാര്യം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുൾപ്പെട്ടതാണ് സമിതി. നാശനഷ്ടങ്ങൾ കണക്കാക്കുന്നതിന് മുന്പായി സമിതി അംഗങ്ങളും ജിദ്ദ മേഖല സിവിൽ ഡിഫൻസ് മേധാവി കേണൽ തലാൽ ബിൻ ഇബ്രാഹിം ബദ്യവിയും യോഗം ചേർന്നു. വെള്ളിയാഴ്ച ഒഴികെ മറ്റ് ദിവസങ്ങളിൽ പത്ത് മണിക്കൂർ ദിവസവും നാശനഷ്ടങ്ങൾ രേഖപ്പെടുത്താൻ സമിതി പ്രവർത്തിക്കുമെന്ന് സിവിൽ ഡിഫൻസ് മേധാവി പറഞ്ഞു. 20 ദിവസം ഇതുതുടരും.


