സൗദിക്ക് നേരെ ഹൂതികളുടെ മിസൈൽ-ഡ്രോൺ ആക്രമണം; ഒൻപത് ആയുധങ്ങൾ ആകാശത്തുവെച്ച് തകർത്തു
ശാരിക
റിയാദ്: ബുധനാഴ്ചയ്ക്കും വ്യാഴാഴ്ചയ്ക്കും ഇടയിൽ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളെ ലക്ഷ്യമാക്കി ഭീകരസംഘടനയായ ഹൂതി മിലിഷ്യ തൊടുത്തുവിട്ട ഒൻപത് മിസൈലുകളും ഡ്രോണുകളും സൗദി വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തകർത്തു. തകർക്കപ്പെട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകളുടെ അവശിഷ്ടങ്ങൾ മക്ക മേഖലയിലെ ഒരു ഗ്രാമത്തിൽ പതിച്ചു.
യെമനിലെ നിയമാനുസൃത ഭരണകൂടത്തെ പുനഃസ്ഥാപിക്കാനുള്ള സഖ്യസേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലിക്കി പുറത്തിറക്കിയ പ്രസ്താവനകൾ പ്രകാരം, സൗദി അറേബ്യയുടെ റിയാദ്, മക്ക, തെക്കൻ, കിഴക്കൻ മേഖലകളെ ലക്ഷ്യമിട്ടെത്തിയ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ, മൂന്ന് ക്രൂയിസ് മിസൈലുകൾ, നാല് ഡ്രോണുകൾ എന്നിവയാണ് പ്രതിരോധിച്ച് തകർത്തത്.
ബുധനാഴ്ച വൈകുന്നേരം റിയാദ് മേഖലയെ ലക്ഷ്യമാക്കി ഹൂതി മിലിഷ്യ തൊടുത്തുവിട്ട മൂന്ന് ക്രൂയിസ് മിസൈലുകൾ തകർത്തതായാണ് സഖ്യസേന ആദ്യം അറിയിച്ചത്. തുടർന്ന് അന്ന് വൈകുന്നേരം തന്നെ മക്ക, തെക്കൻ മേഖലകളിലേക്ക് അയച്ച രണ്ട് ഡ്രോണുകൾ വ്യോമപ്രതിരോധ സേന വെടിവെച്ചിട്ടു.
ബുധനാഴ്ച രാത്രി വൈകി പടിഞ്ഞാറൻ മേഖലയെ ലക്ഷ്യമിട്ട് തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തകർത്തതായി സഖ്യസേന പിന്നീട് വ്യക്തമാക്കി. തകർക്കപ്പെട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകളുടെ അവശിഷ്ടങ്ങൾ മക്ക മേഖലയിലെ സബൂഹ ഗ്രാമത്തിൽ പതിച്ചതായി വ്യാഴാഴ്ച പുലർച്ചെ സഖ്യസേന സ്ഥിരീകരിച്ചു.
ഏകദേശം ഇതേ സമയത്തുതന്നെ കിഴക്കൻ പ്രവിശ്യയിൽ മറ്റൊരു ഡ്രോണും വ്യോമപ്രതിരോധ സേന തകർത്തു. റിയാദ് മേഖലയിൽ എത്തിയ ഒരു ഡ്രോൺ കൂടി പ്രതിരോധിച്ച് തകർത്തതായി ഇന്ന് രാവിലെ പുറത്തിറക്കിയ ഏറ്റവും പുതിയ അറിയിപ്പിൽ സഖ്യസേന വ്യക്തമാക്കി.
േ്ിേ്ി

