സൗദി പ്രവാസികൾക്ക് ആശ്വാസവാർത്ത; ജിദ്ദ-കോഴിക്കോട് നേരിട്ടുള്ള സർവീസുമായി സൗദിയ
ഷീബ വിജയൻ
ജിദ്ദ: മലബാർ മേഖലയിലെ പ്രവാസികൾക്കും തീർഥാടകർക്കും ആശ്വാസമേകി ജിദ്ദയിൽനിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള വിമാന സർവിസുമായി സൗദി എയർലൈൻസ് (സൗദിയ) രംഗത്ത്. നവംബർ 16 മുതൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായാണ് സർവിസ്. ജിദ്ദയിൽ നിന്ന് രാവിലെ പത്തിന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം വൈകുന്നേരം ആറിന് കോഴിക്കോടെത്തും. തിരിച്ച് കോഴിക്കോട് നിന്ന് രാത്രി 7.05ന് പുറപ്പെട്ട് സൗദി സമയം രാത്രി 11ന് ജിദ്ദയിൽ തിരിച്ചെത്തുന്ന രീതിയിലാണ് സമയക്രമം. 5 മണിക്കൂറും 30 മിനിറ്റുമാണ് യാത്രാസമയം. ഇന്ത്യൻ വിമാനക്കമ്പനികൾ ഈ റൂട്ടിലെ സർവിസുകൾ പൂർണമായി റദ്ദാക്കിയതോടെ പ്രതിസന്ധിയിലായ യാത്രക്കാർക്ക് സഹായകമാണ് സൗദി എയർലൈൻസിന്റെ ചുവടുവെപ്പ്.
കഴിഞ്ഞ ആഴ്ച ബജറ്റ് എയർലൈനായ ഫ്ലൈനാസും ഈ റൂട്ടിൽ നേരിട്ട് സർവിസ് പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട് റൂട്ടിലേക്ക് 180 പേർക്ക് യാത്ര ചെയ്യാവുന്ന എയർബസ് 321 വിമാനങ്ങളാണ് സൗദിയ ഉപയോഗിക്കുക. ടിക്കറ്റ് ബുക്കിങ് സൗദിയയുടെ വെബ്സൈറ്റ് വഴി ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കിൽ യാത്ര ചെയ്യുന്നവർക്ക് 20 കിലോയുടെ ചെക്ക്-ഇൻ ലഗേജ് ആനുകൂല്യം ലഭിക്കുമെന്നും എയർലൈൻസ് അധികൃതർ അറിയിച്ചു. വിമാന സർവിസുകളുടെ കുറവ് മൂലം ബുദ്ധിമുട്ടിയിരുന്ന ഉംറ തീർഥാടകർക്കും അവധിക്ക് നാട്ടിൽ പോകാൻ ഒരുങ്ങുന്ന പ്രവാസികൾക്കും ഏറെ പ്രയോജനപ്പെടുന്നതാണ് പുതിയ തീരുമാനം.
assxas

