അടുത്ത വർഷം മുതൽ സൗദിയിൽ ടൂറിസ്റ്റ് വിസ അനുവദിക്കും
റിയാദ് : സൗദി അറേബ്യയിൽ അടുത്ത വർഷം മുതൽ ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് വിനോദ സഞ്ചാരപൈതൃക ദേശീയ കമ്മീഷൻ അറിയിച്ചു. കൂടുതൽ വിദേശസഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള വിവിധ തരത്തിലുള്ള പദ്ധതികൾ നടപ്പിലാക്കി വരികയാണെന്നും കമ്മീഷൻ അറിയിച്ചു. വിനോദസഞ്ചാരികൾക്ക് എളുപ്പം വിസ ലഭ്യമാക്കുന്നതിന് ഓൺലൈൻ നടപടിക്രമങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കും. ഇതോടെ വിദേശരാജ്യങ്ങളിലെ എംബസികളെ സമീപിക്കാതെ തന്നെ വിസ നേടാൻ കഴിയുമെന്ന് സഞ്ചാര പൈതൃക ദേശീയ കമ്മീഷൻ പ്രസിഡണ്ട് പ്രിൻസ് സുൽത്താൻ ബിൻ സൽമാൻ പറഞ്ഞു.
സൗദി ആഭ്യന്തര ടൂറിസമാണ് നിലവിൽ കമ്മീഷൻ പ്രോത്സാഹിപ്പിക്കുന്നത്. സ്വദേശികളെയും രാജ്യത്തുള്ള വിദേശികളെയും സൗദിയിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് വിവിധ പദ്ധതികൾ കമ്മീഷൻ നടപ്പാക്കുന്നുണ്ട്. അടുത്തകാലത്താണ് വിനോദസഞ്ചാര മേഖലയെ വ്യവസായമായി പരിഗണിച്ച് പ്രോത്സാഹനം നൽകാൻ തുടങ്ങിയത്.
ടൂറിസം പദ്ധതികൾക്ക് ബജറ്റിൽ തുക വകയിരുത്താൻ രാജ്യം ഏറെ വൈകിയിരുന്നു. എന്നാൽ, വിനോദസഞ്ചാര മേഖലയ്ക്ക് അനുയോജ്യമായ പശ്ചാത്തലസൗകര്യം രാജ്യത്തിനുണ്ട്. ഏറ്റവും മികച്ച ഹോട്ടലുകൾ, യാത്രാസൗകര്യങ്ങൾ, രാജ്യത്തെ എല്ലാ പ്രവിശ്യയുമായി ബന്ധിപ്പിക്കുന്ന ആഭ്യന്തര വിമാന സർവീസ് എന്നിവ വിനോദസഞ്ചാര മേഖലയ്ക്ക് ഗുണകരമാണെന്നും പ്രിൻസ് സുൽത്താൻ ബിൻ സൽമാൻ പറഞ്ഞു.
ഉംറ തീർത്ഥാടകർക്ക് രാജ്യത്തെ ചരിത്രസ്ഥലങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കുന്നതിന് അനുമതി നൽകുമെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച വിഷൻ 2030 വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർപരിപാടിയുടെ ഭാഗമായാണ് ടൂറിസ്റ്റ് വിസ അനുവദിക്കുന്നത്.


