സൗദിയിൽ ആരോഗ്യ ഇൻഷുറൻസ് ഉള്ളവരോട് പണം ആവശ്യപ്പെട്ടാൽ സ്ഥാപനം അടച്ചു പൂട്ടും
റിയാദ് : മെഡിക്കൽ ഇൻഷുറൻസ് ഉള്ളവരോട് പണമടക്കാൻ ആവശ്യപ്പെടുന്ന ആരോഗ്യ കേന്ദ്രങ്ങൾക്ക് നേരെ നടപടി എടുക്കുമെന്ന് സൗദി ആരോഗ്യ ഇൻഷുറൻസ് സഭ മുന്നറിയിപ്പ് നൽകി. ആരോഗ്യ കേന്ദ്രങ്ങൾക്ക് നേരെ പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾ അടച്ചു പൂട്ടുമെന്നും ഇൻഷുറൻസ് സഭ വ്യക്തമാക്കി.
ഇൻഷുറൻസ് കാർഡ് സ്വീകരിക്കാതെ ചില ആശുപത്രികളും ക്ലിനിക്കുകളും ആരോഗ്യ കേന്ദ്രങ്ങളും രോഗികളോട് പണം അടക്കാൻ നിർബന്ധിക്കുന്നുണ്ട്. ഇത് ശ്രദ്ധയിൽ പെട്ട സാഹചര്യത്തിലാണ് അധികൃതർ ഇത്തരം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആരോഗ്യഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് സൗജന്യമായി ആതുരസേവനം നൽകണം. പണം ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സൗദി ആരോഗ്യ ഇൻഷുറൻസ്് സഭ വ്യക്തമാക്കി.
ആരോഗ്യ കേന്ദ്രങ്ങൾ ഇൻഷുറൻസ് നിയമമനുസരിച്ച് പ്രവർത്തിക്കണം. മുൻകൂട്ടി അനുമതി ആവശ്യമുള്ള ചികിത്സക്ക് വേഗത്തിൽ അപേക്ഷയും നൽകണം. രോഗികളോട് പണമടച്ച് ചികിൽസ തേടാൻ നിർബന്ധിക്കാൻ ആരോഗ്യ കേന്ദ്രങ്ങൾക്ക് അധികാരമില്ലെന്നും ആരോഗ്യ ഇൻഷുറൻസ് സഭ വക്താവ് യാസിർ അൽമആരിക് പറഞ്ഞു. ഇത്തരം നിയമലംഘനം കണ്ടെത്തിയാൽ സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവെക്കുന്നത് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്നും വക്താവ് കൂട്ടിച്ചേർത്തു.


