80,000 ഇന്ത്യൻ ഹാജിമാർ പുണ്യഭൂമിയിലെത്തി
ജിദ്ദ : ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഹജ്ജ് കമ്മിറ്റി വഴി 80,000ത്തിലേറെ ഹാജിമാർ എത്തിയതായി കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് പറഞ്ഞു. കോൺസുലേറ്റിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1,70,025 ഹാജിമാരാണ് ഇന്ത്യയിൽ നിന്ന് ഹജ്ജിന് വരുന്നത്. ഇതിൽ 1,25,025 പേർ സർക്കാർ കമ്മിറ്റി മുഖേനയും ബാക്കിയുള്ളവർ സ്വകാര്യ ഗ്രൂപ്പ് വഴിയുമാണ്. കേന്ദ്ര വിദേശകാര്യസഹമന്ത്രി എം.ജെ അക്ബറിെൻറ നേതൃത്വത്തിലുള്ള ഇന്ത്യൻ ഹജ്ജ് സൗഹൃദസംഘം ആഗസ്റ്റ് 28− ന് മക്കയിലെത്തും. ഇലക്ട്രോണിക് വിസ സംവിധാനം യാഥാർഥ്യമായതിനാൽ എമിഗ്രേഷൻ നടപടികൾക്കായി ഹാജിമാർക്കായി കൂടുതൽ സമയം വിമാനത്തവളങ്ങളിൽ കാത്തിരിക്കേണ്ട അവസ്ഥയില്ലെന്നും എല്ലാ മേഖലയിലും കുറ്റമറ്റ സൗകര്യങ്ങളും സേവനങ്ങളും ഹാജിമാർക്ക് ഉറപ്പു വരുത്താൻ സാധിക്കുന്നുണ്ടെന്നും കോൺസൽ ജനറൽ പറഞ്ഞു.
അതേസമയം മദീന വഴിയുള്ള ഇന്ത്യൻ ഹാജിമാരുടെ വരവ് അവസാനിച്ചു. ബാക്കി ഹാജിമാർ ജിദ്ദ വിമാനത്താവളം വഴി വന്ന് നേരെ മക്കയിലേക്കാണ് പോവുന്നത്. നാട്ടിൽ നിന്നുതന്നെ ഹാജിമാർക്ക് സിം കാർഡുകൾ നൽകുന്നുണ്ട്. അത് ഇവിടെ എത്തിയ ശേഷം ആക്ടീവ് ആക്കും. ഹജ്ജ് തീർത്ഥാടകർക്കുള്ള താമസം, ഭക്ഷണം മെഡിക്കൽ സേവനങ്ങൾ, യാത്രാസൗകര്യങ്ങൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ഇത്തരം വിഷയങ്ങളിൽ സൗദി അധികൃതരുടെ ഭാഗത്ത് നിന്ന് വലിയ സഹകരണവും പിന്തുണയുമാണ് ലഭിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള സന്നദ്ധസേവകരുടെ പിന്തുണയും സഹകരണവും ഹജ്ജ് മിഷന്റെ പ്രവർത്തനങ്ങൾക്ക് കരുത്താവുന്നുണ്ട്.
അറഫയിൽ വളണ്ടിയർമാരുടെ സേവനം സാധ്യമാക്കാൻ ഹജ്ജ് മിഷൻ ശ്രമിക്കുന്നുണ്ടെന്നും കോൺസൽ ജനറൽ പറഞ്ഞു.

