ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം അബുദാബി
അബുദാബി : ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം യു.എ.ഇ തലസ്ഥാനമായ അബുദാബി. ഓൺലൈൻ ഡേറ്റാബേസ് കന്പനിയായ നുംബിയോ ലോകത്താകമാനമുള്ള നഗരങ്ങൾ കേന്ദ്രമാക്കി നടത്തിയ പഠനത്തിലാണ് കുറ്റകൃത്യങ്ങൾ ഏറ്റവും താഴ്‌ന്ന നഗരമായി അബുദാബിയെ തിരഞ്ഞെടുത്തത്. ആറുമാസത്തിനിടെ കുറ്റകൃത്യ സൂചികയിൽ ലോക നഗരങ്ങളിൽ അബുദാബിയുടെ സ്ഥാനം 13.54 ആണ്.
സ്വിറ്റ്‌സർലൻഡിലെ ബാസൽ, ജർമ്മനിയിലെ മ്യൂണിക്, ജപ്പാനിലെ ഒസാക്ക എന്നീ നഗരങ്ങളാണ് തൊട്ടു പിന്നിൽ. ഹോണ്ടുറാസിലെ സാൻ പെഡ്രോ സുല, പാപുവ ന്യൂ ഗ്വിനിയിലെ പോർട്ട് മോറെസ്‌ബി, വെനസ്വേലയിലെ കാരക്കാസ്, ദക്ഷിണാഫ്രിക്കയിലെ പീറ്റർ മറിറ്റ്‌ബർഗ് എന്നിവയാണ് ഏറ്റവും സുരക്ഷിതത്വം കുറഞ്ഞ നഗരങ്ങൾ. സർവ്വേയിൽ പങ്കെടുത്തവരിൽ 94 ശതമാനം പേരും ഓരോ നഗരത്തിനകത്തെയും പൊതുസുരക്ഷയെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തി.
ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബിയെ തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്നും ഇത് മനസ്സിലാകുന്നത് വിനോദ സഞ്ചാര വികസനത്തെ സഹായിക്കുമെന്നും ടൂറിസം ആൻഡ് കൾച്ചറൽ അതോറിറ്റി ഡയറക്ടർ ജനറൽ സെയ്‌ഫ് സഈദ് ഗോബാഷ് അറിയിച്ചു. കഴിഞ്ഞമാസം മറ്റൊരു സർവ്വേയിൽ ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ നഗരമായി അബുദാബിയെ തിരഞ്ഞെടുത്തിരുന്നു.

