സൗദിയിൽ വിദേശികൾക്കുള്ള തൊഴിൽ വിസകളിൽ ഏറെയും വിതരണം ചെയ്യുന്നില്ല
റിയാദ് : സൗദിയിൽ വിദേശികൾക്കായി തൊഴിൽ മന്ത്രാലയം അനുവദിച്ച തൊഴിൽ വിസകളിൽ ഭൂരിഭാഗവും വിതരണം ചെയ്യുന്നില്ലെന്ന് റിപ്പോർട്ട്. അനുവദിച്ച വിസകളിൽ 11 ശതമാനം മാത്രമാണ് ഉപയോഗിച്ചത്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്ത് വിട്ട റിപ്പോർട്ട് ഇക്കാര്യം വ്യക്തമാക്കുന്നു. സ്വദേശിവൽക്കരണത്തിനിടയിലും സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കൂടി വരുന്നതായും റിപ്പോർട്ടിലുണ്ട്.
ഈ വർഷം ആദ്യത്തെ മൂന്നു മാസത്തിനിടയിൽ 3,14,492 വിദേശ തൊഴിൽ വിസകൾ ആണ് സൗദി തൊഴിൽ മന്ത്രാലയം അനുവദിച്ചത്. ഇതിൽ 12,265 വിസകൾ സർക്കാർ സ്ഥാപനങ്ങൾക്കും 1,55,674 വിസകൾ ഗാർഹിക തൊഴിലാളികൾക്കും 1,46,553 വിസകൾ സ്വകാര്യ മേഖലയ്ക്കും അനുവദിച്ചു. സ്വകാര്യ സ്ഥാപനങ്ങൾക്ക് അനുവദിച്ചതിൽ 15,974 വിസകൾ മാത്രമാണ് ഉപയോഗിച്ചതെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകൾ വെളിപ്പെടുത്തുന്നു.
അതായത് സ്വകാര്യ മേഖലയ്ക്ക് അനുവദിച്ച വിസകളിൽ പതിനൊന്നു ശതമാനം മാത്രമാണ് ഉപയോഗപ്പെടുത്തിയത്. ബാക്കിയുള്ളവ ഉപയോഗപ്പെടുത്താതിരിക്കുകയൊ റദ്ദാക്കുകയോ ചെയ്തു. സ്വദേശിവൽക്കരണം ഊർജിതമാക്കിയതാണ് വിദേശികളുടെ അനുവദിക്കപ്പെട്ട വിസ പോലും ഉപയോഗിക്കാതിരിക്കാൻ കാരണമെന്ന് വിലയിരുത്തപ്പെടുന്നു.

