ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി അവസാനിക്കും. ഒന്നരമാസത്തെ നിരോധത്തിനു ശേഷം രാത്രി 12 മണിയോടെ ബോട്ടുകൾ മത്സ്യബന്ധനത്തിനിറങ്ങും. കാലാവസ്ഥ അനുകൂലമായാൽ മികച്ച നേട്ടമാണു മൽസ്യ തൊഴിലാളികൾ പ്രതീക്ഷിക്കുന്നത്.
മീൻപിടിത്ത നിരോധനകാലം കഴിഞ്ഞ കടലിലേക്കു പോകാൻ സംസ്ഥാനത്തേ തീരങ്ങളിൽ ബോട്ടുകൾ സജ്ജമായി കഴിഞ്ഞു. കേന്ദ്രസർക്കാരിന്റെ നിർദേശം പ്രകാരം നീലയും ഓറഞ്ചും കലർന്ന നിറങ്ങളിലേക്കു ബോട്ടുകളെല്ലാം മാറ്റിയിട്ടുണ്ട്. കൊല്ലത്ത് നീണ്ടകര, ശക്തികുളങ്ങര തുറമുഖങ്ങളിൽ കടലിലേക്കു പോകാനുളള അവസാന മിനുക്കു പണികളിലാണു മൽസ്യതൊഴിലാളികൾ. അറ്റകുറ്റപ്പണികള്‍ക്കു ശേഷം ബോട്ടുകള്‍ മിക്കതും സജ്ജമായി. ഐസുകട്ടകള്‍ പൊടിച്ചു ബോട്ടില്‍ സംഭരിക്കുന്ന ജോലികള്‍ ആരംഭിച്ചു. വലകള്‍ എല്ലാം ഒരുക്കിക്കഴിഞ്ഞു.
കൊല്ലം ജില്ലയിൽ 1,300ന് അടുത്ത് ബോട്ടുകളാണ് കടലിലേക്കു പോവുന്നത്. വായ്പ എടുത്താണ് ഇവരിൽ പല ബോട്ടുടമകളും ട്രോളിങ് നിരോധനകാലത്ത് അറ്റകുറ്റപ്പണി നടത്തിയത്. നിരോനകാലത്തു ചെറിയ വള്ളങ്ങൾക്ക് അത്യാവശ്യം നല്ല രീതിയിൽ മീൻ ലഭിച്ചിരുന്നുവെന്നതാണ് ഇവരുടെ പ്രതീക്ഷ.

