വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കാൻ പദ്ധതി തയ്യാറാക്കി സൗദി അറേബ്യ
ദമാം : രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളും ഈ വർഷം അവസാനത്തോടെ സ്വകാര്യവൽക്കരിക്കുന്നതിന് പദ്ധതി തയ്യാറാക്കിയതായി സൗദി ജനറൽ അതോറിറ്റി ഒാഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. വിമാനത്താവളങ്ങളുടെ സേവനം മെച്ചപ്പെടുത്തുന്നതിനും പൊതുഖജനാവിന്റെ ചിലവ് കുറയ്ക്കുന്നതിന്റെയും ഭാഗമായാണ് വിമാനത്താവളങ്ങൾ കന്പനികൾക്ക് കീഴിലാക്കുന്നതെന്ന് ജി.എ.സി.എ പ്രസിഡണ്ട് അറിയിച്ചു.
മൂന്നുഘട്ടങ്ങളിലായി നട പ്പാക്കുന്ന സ്വകാര്യവൽക്കരണ ത്തിന്റെ ആദ്യഘട്ടത്തിൽ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളമാണ് സ്വകാര്യവൽക്കരിക്കുക. സ്വകാര്യവൽക്കരണത്തിന് കന്പനിയുടെ ഓഹരിയുടെ ഒരു പങ്ക് പൊതുജനങ്ങൾക്കായി വിൽക്കും. തിരഞ്ഞെടുക്കുന്ന ബോർഡ് ഡയറക്ടർമാരായിരിക്കും കന്പനി നിയന്ത്രിക്കുക.
രണ്ടാം ഘട്ടത്തിൽ വിമാനത്താവളത്തിന്റെ നടത്തിപ്പും അറ്റകുറ്റപ്പണിയും നിർവ്‍വഹിക്കുന്നതിന് കന്പനികളുമായി കരാറിൽ ഏർപ്പെടും. ഇതനുസരിച്ച് ജിദ്ദയിൽ നിർമ്മിക്കുന്ന പുതിയ വിമാനത്താവളത്തിന്റെ നടത്തിപ്പും അറ്റകുറ്റപണിയും സ്വകാര്യവൽക്കരിക്കുന്ന കന്പനിക്കു കൈമാറും.
ജനറൽ അതോറിറ്റി സിവിൽ ഏവിയേഷൻ വിമാനത്താവള നിർമ്മാണത്തിനുള്ള പണം മുടക്കും. കന്പനി വിമാനത്താവളത്തിൽ നിന്നുള്ള ലാഭം ജനറൽ അതോറിറ്റി സിവിൽ ഏവിയേഷനാണ് പങ്കുവയ്ക്കുക. മൂന്നാംഘട്ടത്തിൽ ബി.ഒ.ടി അടിസ്ഥാനത്തിൽ വിമാനത്താവളം നിർമ്മിക്കുകയും ശേഷം കൈമാറുകയും ചെയ്യും.
മദീനയിലെ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, ത്വാഇഫ്, ഖസീം, യാന്പൂ തുടങ്ങിയ വിമാനത്താവളങ്ങൾ ബി.ഒ.ടി പ്രകാരം നിർമ്മിച്ചതാണ്. ജനറല്‍ അതോറിറ്റി സിവിൽ ഏവിയേഷൻ ജീവനക്കാരെ വിമാനത്താവള നിർമ്മാണത്തിന് നിക്ഷേപമിറക്കുന്ന കന്പനിക്ക് കൈമാറും.

