പൊതുമാപ്പ് : 7.3 ലക്ഷം പേർ രാജ്യം വിട്ടതായി സൗദി പാസ്‌പോർട്ട് വകുപ്പ്
റിയാദ് : നാല് മാസം നീണ്ടു നിന്ന പൊതുമാപ്പ് പ്രയോജനപ്പെടുത്തി നിയമലംഘകരായ 7.3 ലക്ഷം പേർ രാജ്യം വിട്ടതായി സൗദി പാസ്‌പോർട്ട് ഡയറക്ടറേറ്റ് അറിയിച്ചു. എന്നാൽ ആറു ലക്ഷം നിയമ ലംഘകരായ വിദേശികൾ ഇപ്പോഴും രാജ്യത്ത് അനധികൃതമായി കഴിയുന്നുണ്ടെന്നാണ് വിവരം. ഇവരെ കണ്ടെത്തുന്നതിന് മുഴുവൻ പ്രവിശ്യകളിലും പരിശോധന തുടങ്ങിയതായും പാസ്‌പോർട്ട് ഡയറക്ടർ മേജർ സുലൈമാൻ അൽ യഹ്യ പറഞ്ഞു.
നിയമ ലംഘകരായ 7,30,000 വിദേശികൾ എക്‌സിറ്റ് വിസയിൽ മാതൃരാരാജ്യങ്ങളിലേക്ക് മടങ്ങിയതായി പാസ്‌പോർട്ട് ഡയറക്ടർ മേജർ സുലൈമാൻ അൽ യഹ്യ പറഞ്ഞു. പൊതുമാപ്പ് ലക്ഷ്യം നേടാൻ കഴിഞ്ഞെന്നാണ് പാസ്‌പോർട്ട് വകുപ്പിന്റെ വിലയിരുത്തൽ.
പൊതുമാപ്പ് പ്രയോജനപ്പെടുത്തി മടങ്ങിയ നിയമ ലംഘകരുടെ ഇഖാമ ഫീസും പിഴയും സ്‌പോൺസർമാരിൽ നിന്ന് ഈടാക്കുമെന്ന് പാസ്‌പോർട്ട് വകുപ്പ് വ്യക്തമാക്കി. രാജ്യം വിട്ടവരുടെ പേരിലുള്ള പിഴ ഉൾപ്പെടെയുളള ഇഖാമ ഫീസ് സ്‌പോൺസറുടെ പേരിൽ രേഖപ്പെടുത്തിയതിന് ശേഷമാണ് എക്‌സിറ്റ് അനുവദിച്ചത്. ഇക്കാര്യം നേരത്തെ പുറത്തുവിട്ടിരുന്നില്ല. പൊതുമാപ്പ് അവസാനിച്ചതോടെയാണ് പാസ്‌പോർട്ട് വകുപ്പ് ഡയറക്ടർ ഇക്കാര്യം വ്യക്തമാക്കിയത്.
സൗദിയിൽ മുന്പ് മുപ്പത് ലക്ഷം നിയമ ലംഘകർ ഉണ്ടായിരുന്നു. താമസാനുമതി രേഖയായ ഇഖാമ ഇല്ലാത്തവരും പുതുക്കാത്തവരും വിരലടയാളം രേഖപ്പെടുത്താതിരുന്നവരും ഇതിൽ ഉൾപ്പെടും. പൊതുമാപ്പ് വേളയിൽ 24 ലക്ഷം നിയമ ലംഘകർ ഇഖാമ പുതുക്കി. വിരലടയാളം രേഖപ്പെടുത്തുകയും ചെയ്തു. ഇനിയും ആറ് ലക്ഷം നിയമ ലംഘകർ അനധികൃതമായി കഴിയുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കുന്നതിന് പോലീസുമായി സഹകരിച്ച് പരിശോധന ശക്തമാക്കിയതായി സുലൈമാൻ അൽ യഹ്യ പറഞ്ഞു.

