വ്യാജ ബിരുദങ്ങൾ, രാഷ്ട്രീയ സമ്മർദം, ആൾമാറാട്ടം: എച്ച്-1ബി വിസകളിൽ വ്യാപക തട്ടിപ്പെന്ന് ആരോപണം
ഷീബ വിജയ൯
എച്ച്-1ബി വിസ സംവിധാനത്തിൽ വ്യാപകമായ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ഇന്ത്യൻ-അമേരിക്കൻ നയതന്ത്രജ്ഞ മഹ്‌വാഷ് സിദ്ദിഖി ആരോപിച്ചു. ഇന്ത്യയിൽ നിന്നുള്ള അപേക്ഷകളിൽ 80–90 ശതമാനം വ്യാജമാണ് എന്നും അവർ അവകാശപ്പെട്ടു. ചെന്നൈയിലെ യു.എസ്. കോൺസുലേറ്റിൽ സേവനമനുഷ്ഠിച്ച സമയത്ത് (2005–2007) ഉദ്യോഗസ്ഥർ ഈ വിഷയം വാഷിങ്ണിനോട് ആവർത്തിച്ച് അറിയിച്ചെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് മഹ്‌വാഷ് സിദ്ദിഖി ചൂണ്ടിക്കാട്ടുന്നു.
വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുക, മതിയായ വൈദഗ്ധ്യമില്ലാത്തവർ വിസ നേടുക, അഭിമുഖത്തിന് ആൾമാറാട്ടം നടത്തി മറ്റൊരാളെ അയക്കുക തുടങ്ങിയവയാണ് പ്രധാന തട്ടിപ്പ് രീതികൾ. ലോകത്തിലെ ഏറ്റവും വലിയ എച്ച്-1ബി വിസ പ്രോസസ്സിങ് കേന്ദ്രങ്ങളിലൊന്നായ ചെന്നൈയിൽ 2024-ൽ മാത്രം ലക്ഷക്കണക്കിന് നോൺ-ഇമിഗ്രന്റ് വിസകൾ തീർപ്പാക്കിയിരുന്നുവെന്ന് സിദ്ദിഖി പറഞ്ഞു. ഇന്റർവ്യൂ ചെയ്യുന്നയാൾ അമേരിക്കക്കാരനാണെങ്കിൽ ഉദ്യോഗാർഥികൾ അഭിമുഖം പൂർണ്ണമായും ഒഴിവാക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്ത്യൻ മാനേജർമാർ കൈക്കൂലി വാങ്ങി ഇന്ത്യക്കാർക്ക് ജോലി നൽകിയിരുന്നുവെന്നും മഹ്‌വാഷ് അവകാശപ്പെട്ടു. ചെന്നൈ കോൺസുലേറ്റിൽ പ്രധാനമായും ഹൈദരാബാദ്, കർണാടക, കേരളം, തമിഴ്‌നാട് എന്നീ നാല് മേഖലകളിൽ നിന്നുള്ള അപേക്ഷകളാണ് എത്തിയിരുന്നത്. ഇതിൽ ഹൈദരാബാദിൽ നിന്നുള്ള അപേക്ഷകളായിരുന്നു ഏറ്റവും കൂടുതൽ ആശങ്കയുണ്ടാക്കിയത് എന്നും അവർ പറഞ്ഞു.
താൻ ഇവിടെ സംസാരിക്കുന്നത് ഒരു നയതന്ത്രജ്ഞ എന്ന നിലയിലല്ല മറിച്ച് സ്വകാര്യ നിലപാടിലാണ് എന്നും അവർ വ്യക്തമാക്കി. ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിങ്, ഗണിതം എന്നീ മേഖലകളിൽ അമേരിക്കക്ക് കഴിവുള്ള ആളുകളുടെ കുറവുണ്ടെന്നും അതിനാൽ ഇന്ത്യയിൽ നിന്ന് ആളുകളെ എടുക്കേണ്ടതുണ്ടെന്നുമുള്ള വാദത്തെ മഹ്‌വാഷ് ചോദ്യം ചെയ്തു. ഈ തട്ടിപ്പുകളിൽ നിരവധി രാഷ്ട്രീയക്കാർക്ക് പങ്കുണ്ടെന്നും, തങ്ങൾ അന്വേഷണം നടത്താതിരിക്കാൻ വലിയ സമ്മർദമുണ്ടായിരുന്നു എന്നും അവർ ആരോപിച്ചു. ഇന്ത്യൻ രാഷ്ട്രീയക്കാരെ സന്തോഷിപ്പിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും മഹ്‌വാഷ് കൂട്ടിച്ചേർത്തു.
zaqsasasas
