ബഹ്റൈനിലെ ഗർഭച്ഛിദ്ര നിയമങ്ങൾ ആധുനികവത്കരിക്കുന്നു: ശൂറാ കൗൺസിലിൽ സുപ്രധാന നിയമനിർമ്മാണത്തിന് നാളെ വോട്ടെടുപ്പ്
പ്രദീപ് പുറവങ്കര
ആരോഗ്യപരമായ കാരണങ്ങളാൽ ഗർഭച്ഛിദ്രം അനുവദിക്കുന്ന ബഹ്‌റൈനിലെ നിയമ ചട്ടക്കൂടുകൾ ആധുനികവത്കരിക്കുന്നതിനുള്ള സുപ്രധാന നിയമനിർമാണ നിർദേശം ശൂറാ കൗൺസിലിന്റെ നാളെ പ്രതിവാര സെഷനിൽ വോട്ടിനായി പരിഗണിക്കും. ഈ നിർദേശമനുസരിച്ച് ഗർഭം തുടരുന്നത് അമ്മയുടെ ജീവന് ഭീഷണിയാകുന്ന സാഹചര്യം, അല്ലെങ്കിൽ ഗർഭസ്ഥ ശിശുവിന് ജനിച്ച് കഴിഞ്ഞാൽ അതിജീവനം സാധ്യമല്ലാതാക്കുന്നതോ ആരോഗ്യത്തെ സാരമായി ബാധിക്കുന്നതോ ആയ കടുത്ത വൈകല്യങ്ങൾ എന്നിവ മെഡിക്കൽ കമ്മിറ്റി സ്ഥിരീകരിക്കുമ്പോളാണ് ഗർഭച്ഛിദ്രത്തിന് അനുമതി ലഭിക്കുക.
നിലവിലെ നിയമങ്ങളെ ആധുനിക മെഡിക്കൽ ഡയഗ്നോസ്റ്റിക്സുകൾ, ശരീയത്ത് തത്വങ്ങൾ, മറ്റ് ഗൾഫ് രാജ്യങ്ങളിലെ നിയമങ്ങൾ എന്നിവയുമായി താരതമ്യപ്പെടുത്തിയാണ് നിർദേശങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങുന്നത്. നിയമം പാസാവുകയാണെങ്കിൽ ഇത്തരത്തിലുള്ള അടിയന്തര സാഹചര്യങ്ങളിൽ പാലിക്കേണ്ട മെഡിക്കൽ മാനദണ്ഡങ്ങൾ, കമ്മിറ്റി ആവശ്യകതകൾ, നടപടിക്രമങ്ങൾ എന്നിവ സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാൻ പിന്നീട് വ്യക്തമാക്കും. യു.എ.ഇ, ഖത്തർ, കുവൈത്ത്, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ നിലവിൽ അമ്മയുടെ ജീവൻ അപകടത്തിലാകുമ്പോഴോ ഭ്രൂണത്തിന് ഗുരുതരമായ വൈകല്യമുണ്ടാകുമ്പോഴോ ഗർഭച്ഛിദ്രം അനുവദിക്കുന്നുണ്ട്.
rses
