ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങൾ നീങ്ങുന്നു; ജുമുഅ ആരംഭിക്കും, ബാർബർ ഷോപ്പുകളും റെസ്റ്റോറന്‍റുകളും തുറക്കും
ദോഹ: ഖത്തറിൽ കൊവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ മൂന്നാം ഘട്ടം ജൂലൈ 28 മുതൽ ആരംഭിക്കും. മുന്പ് ആഗസ്റ്റ് ഒന്നു മുതലാണ് ഈ ഘട്ടം തുടങ്ങുകയെന്നാണ് അറിയിച്ചിരുന്നത്. ദേശീയ പകർച്ചവ്യാധി മുന്നൊരുക്ക സമിതി ഉന്നതർ വാർത്താ സമ്മേളനത്തിലാണ് ഈ വിവരം അറിയിച്ചത്. ഇതിന്റെ ഭാഗമായി തെരഞ്ഞെടുത്ത പള്ളികളിൽ വെള്ളിയാഴ്ചകളിൽ ജുമുഅ നമസ്‌കാരവും പെരുന്നാൾ പ്രാർത്ഥനയും നടക്കും. ബലിപെരുന്നാളിന് തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ഈദ് ഗാഹുകളുണ്ടാകും. എല്ലാ സാഹചര്യങ്ങളിലും ആളുകൾ ഒന്നര മീറ്റർ ശാരീരിക അകലം പാലിക്കണം. പള്ളികളിൽ എത്തുന്നവർ സ്വന്തമായി നമസ്‌കാരപടവും ഖുർആനും കൈവശം കരുതണം. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ, കുട്ടികൾ, ദീർഘകാല രോഗികൾ എന്നിവർ വീടുകളിൽ തന്നെ നമസ്‌കരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
കൊവിഡ് മുൻകരുതൽ നടപടികളും ശുചിത്വവും പാലിച്ച് കൊണ്ട് 30 ശതമാനം ശേഷിയിൽ ബാർബർ ഷോപ്പുകൾക്കും ഈ ഘട്ടത്തിൽ തുറന്ന് പ്രവര്‍ത്തിക്കാം. ബാർബർ ഷോപ്പുകൾ തുറക്കുന്നതിന് മുന്പ് എല്ലാ ജീവനക്കാരും കൊവിഡ് പരിശോധന നടത്തണം. ഫേസ് ഷീൽഡ്, മാസ്‌ക്, കയ്യുറ എന്നിവ ധരിക്കണം. അപ്പോയ്‌മെന്റ് വഴി മാത്രമേ ഉപഭോക്താക്കൾക്ക് പ്രവേശനം അനുവദിക്കാൻ പാടുള്ളൂ.
തെരഞ്ഞെടുത്ത റെസ്‌റ്റോറന്റുകൾക്കും ജിം, സ്‌പോർട്‌സ് ക്ലബ്ബുകൾ, വാട്ടർപാർക്കുകൾ, സ്വിമ്മിങ് പൂളുകൾ എന്നിവയ്ക്കും 50 ശതമാനം ശേഷിയിൽ പ്രവർത്തനം പുനഃരാരംഭിക്കാം. ഓഫീസുകൾക്ക് 80 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം. 20 ശതമാനം പേർ വീട്ടിലിരുന്ന് ജോലി ചെയ്യണം. ഇത്തരത്തിൽ കർശന നിബന്ധനകളോടെയാണ് ഖത്തറിൽ മൂന്നാം ഘട്ടത്തിൽ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത്.


