ട്രെയിനിലെ പൂവാലന്മാർക്ക് പൂട്ടുവീഴുന്നു; 'ഓപ്പറേഷൻ രക്ഷിത'യിൽ മൂന്ന് മാസത്തിനിടെ അകത്തായത് 81 പേർ
ഷീബ വിജയൻ
തിരുവനന്തപുരം: ട്രെയിൻ യാത്രകളിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയാൻ കേരള റെയിൽവേ പൊലീസ് നടപ്പാക്കുന്ന 'ഓപ്പറേഷൻ രക്ഷിത'യുടെ ഭാഗമായി കഴിഞ്ഞ മൂന്ന് മാസത്തിനിടെ 81 പ്രതികളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. സംസ്ഥാനത്തെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ നടത്തിയ വ്യാപക പരിശോധനയിലാണ് ഇവർ പിടിയിലായത്. സ്ത്രീകളെ അപമാനിക്കൽ, ലൈംഗികാതിക്രമം, സ്വകാര്യത ലംഘിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്കെതിരെയാണ് കർശന നടപടി സ്വീകരിച്ചിരിക്കുന്നത്. യാത്രക്കാർക്ക് സുരക്ഷിതമായ യാത്രാ സാഹചര്യം ഉറപ്പാക്കാൻ പ്രത്യേക നിരീക്ഷണവും പരിശോധനയും തുടരുമെന്ന് റെയിൽവേ പൊലീസ് സൂപ്രണ്ട് ബി. കൃഷ്ണകുമാർ വ്യക്തമാക്കി.
യാത്രയ്ക്കിടെ സ്ത്രീകൾക്കും കുട്ടികൾക്കും എന്തെങ്കിലും ബുദ്ധിമുട്ടുകളോ അതിക്രമങ്ങളോ നേരിട്ടാൽ ഉടൻ തന്നെ റെയിൽവേ പൊലീസിന്റെ സഹായം തേടാം. ഇതിനായി കേരള പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ 'പോൽആപ്പ്' (Pol-App) വഴി 'റെയിൽ മൈത്രി' സേവനങ്ങൾ ഉപയോഗിക്കാവുന്നതാണ്. കൂടാതെ, അടിയന്തര സഹായത്തിനായി 112 (ഇ.ആർ.എസ്.എസ്) എന്ന നമ്പറിലോ, റെയിൽ അലേർട്ട് ഹെൽപ്പ്ലൈൻ നമ്പറുകളായ 9846200100, 9846200150, 9846200180 എന്നിവയിലോ ബന്ധപ്പെടാം. ഇതിനുപുറമെ, ഇന്ത്യൻ റെയിൽവേയുടെ 'റെയിൽ മദദ്' 139 എന്ന നമ്പർ വഴിയും റെയിൽ മദദ് ആപ്പിലൂടെയും യാത്രക്കാർക്ക് സുരക്ഷാ പ്രശ്നങ്ങൾ അധികൃതരെ അറിയിക്കാവുന്നതാണെന്ന് ഡെപ്യൂട്ടി ഡയറക്ടർ ഡോ. അഞ്ചൽ കൃഷ്ണകുമാർ അറിയിച്ചു.
dddsdsd


