ഗൾഫിലിരുന്ന് സിസിടിവിയിൽ കണ്ടു; നാട്ടിലെ വീട്ടിൽ കയറിയ കള്ളന്മാരെ വിരട്ടിയോടിച്ച് വീട്ടുടമ


ഷീബ വിജയൻ

ആലപ്പുഴ: അമ്പലപ്പുഴ പുറക്കാട്ട് ആൾത്താമസമില്ലാത്ത വീട്ടിലെ മോഷണശ്രമം വിദേശത്തിരുന്ന് വീട്ടുടമ പൊളിച്ചു. കള്ളന്മാർ കയറിയ ദൃശ്യങ്ങൾ സിസിടിവിയിലൂടെ തത്സമയം കണ്ട വീട്ടുടമ ഗൾഫിൽനിന്ന് വിവരം ബന്ധുക്കളെയും അയൽക്കാരെയും അറിയിച്ചതോടെയാണ് മോഷ്ടാക്കൾക്ക് ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടേണ്ടി വന്നത്. മോഷ്ടാക്കൾ പ്രായപൂർത്തിയാകാത്ത കൗമാരക്കാരാണെന്ന സംശയത്തിലാണ് പൊലീസ്.

പുറക്കാട് കരൂർ സീനാ മൻസിലിലായിരുന്നു മോഷണശ്രമം. പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. തലയിൽ തൊപ്പിയും മുഖത്ത് മാസ്കും ധരിച്ചാണ് മോഷ്ടാക്കൾ വീട്ടിലെത്തിയത്. മോഷ്ടാക്കളിൽ ഒരാൾക്ക് കാലിന് മുടന്തുള്ളതായാണ് ദൃശ്യങ്ങളിൽനിന്നു ലഭിക്കുന്ന സൂചന. വീടിന്റെ വരാന്തയിൽ കയറിയ ശേഷം ഒരാൾ സിസിടിവി ക്യാമറ തിരിച്ചു വയ്ക്കുന്നുണ്ട്.

വീട്ടുടമയായ ഖദീജാ ബീവി വിദേശത്താണ്. കള്ളന്മാർ കയറിയ സമയത്ത് ഇവർ ഫോണിലൂടെ സിസിടിവി ദൃശ്യങ്ങൾ ശ്രദ്ധിച്ചിരുന്നു. ഉടൻതന്നെ നാട്ടിലുള്ള ബന്ധുക്കളെ വിളിച്ചറിയിച്ചു. തുടർന്ന്, അയൽവാസിയായ ബാബുവും മറ്റ് നാട്ടുകാരും വീട്ടിലേക്ക് എത്തുന്ന ശബ്ദം കേട്ട് മോഷ്ടാക്കൾ മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്.

മോഷ്ടാക്കളിൽ ഒരാളുടെ തൊപ്പി വീടിനു സമീപത്തുനിന്ന് പൊലീസ് കണ്ടെടുത്തു. സമീപത്തുതന്നെയുള്ള ഒരു കടയിൽനിന്നു വാങ്ങിയതാണ് ഈ തൊപ്പിയെന്നും വ്യക്തമായിട്ടുണ്ട്. വീടിന്റെ വാതിൽ തകർക്കാൻ ഉപയോഗിച്ച കമ്പിപ്പാരയും പൊലീസിനു കിട്ടി. സമീപദിവസങ്ങളിൽ അമ്പലപ്പുഴയിൽ നടന്ന പല മോഷണങ്ങൾക്കും പിന്നിൽ ഈ സംഘമാണെന്ന സംശയം പൊലീസിനുണ്ട്.

article-image

aa

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed