ഖത്തറിൽ സ്‌കൂളുകൾ സെപ്തംബറിൽ തുറക്കും
ദോഹ: ഖത്തറിലെ സർക്കാർ, സ്വകാര്യ സ്‌കൂളുകൾ 2020−21 അധ്യയനവർഷത്തേക്കായി സെപ്തംബർ ഒന്നുമുതൽ വീണ്ടും തുറന്നു പ്രവർത്തിക്കുമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി ഖത്തർ പിൻവലിക്കുകയാണ്. സെപ്തംബറോടെ എല്ലാ നിയന്ത്രണങ്ങളും പിൻവലിക്കുമെന്ന് ഖത്തർ അറിയിച്ചിരുന്നു.
സെപ്തംബർ ഒന്നു മുതൽ ക്ലാസുകൾ പുനഃരാരംഭിക്കും. സ്‌കൂൾ അധ്യാപകരും ജീവനക്കാരും ആഗസ്റ്റ് 19 മുതൽ ജോലിയിൽ തിരികെ പ്രവേശിക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് അടിയന്തര പദ്ധതി നടപ്പിലാക്കാനായി സ്‌കൂൾ ഭരണനിർവ്വഹണ വിഭാഗവുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
പുതിയ അധ്യയന വർഷത്തിലെ പ്രവേശനത്തിനായി അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്കുള്ള മെഡിക്കൽ പരിശോധന ജൂലൈ 19 മുതൽ ആരംഭിക്കുമെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.


