ഖത്തർ-കൊച്ചി; പ്രവാസികളുടെ വിമാന യാത്രാ തീയതിയില്‍ മാറ്റം


ദോഹ: ഖത്തറിൽ നിന്നും കൊച്ചിയിലേക്ക് വരുന്ന പ്രവാസികളുടെ  വിമാന യാത്രാ തീയതിയില്‍ മാറ്റം. സാങ്കേതിക പ്രശ്‌നങ്ങളാണ് ഷെഡ്യൂളില്‍ മാറ്റം വരുത്താന്‍ കാരണമെന്നാണ് സൂചന. 200 പ്രവാസി മലയാളികളാണ് കൊച്ചി വിമാനത്തില്‍ ഉണ്ടാകുക. യാത്രക്കാര്‍ക്കുള്ള ടിക്കറ്റ് വിതരണത്തിന് ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ (ഐസിസി) ഇന്ന് രാവിലെ തുടക്കമായി. എയര്‍ ഇന്ത്യയുടെ പ്രതിനിധികള്‍ ഐസിസിയില്‍ നേരിട്ടെത്തിയാണ് യാത്രക്കാര്‍ക്ക് ടിക്കറ്റ് വിതരണം ചെയ്യുന്നത്. കൊച്ചിയിലേക്ക് 16,000 ഇന്ത്യന്‍ രൂപയാണ് നിരക്ക്. 

സമൂഹ അകലം ഉറപ്പാക്കി കൊണ്ടാണ് ടിക്കറ്റ് വിതരണത്തിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഐസിസി പ്രസിഡണ്ട് എ.പി.മണികണ്ഠന്‍ പറഞ്ഞു. എയര്‍ ഇന്ത്യയുടെ ഓഫിസില്‍ പോയി ടിക്കറ്റ് വാങ്ങാനുള്ള യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശപ്രകാരമാണ് എംബസിയുടെ എപ്പെക്‌സ് സംഘടനയായ ഐസിസിയില്‍ അതിനുള്ള സൗകര്യം ഒരുക്കിയത്.


ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി ശേഖരിച്ച് അത്പ്രകാരമുള്ള മുന്‍ഗണനാ പട്ടിക തയ്യാറാക്കി യാത്രക്കാരെ തിരഞ്ഞെടുത്തത് ഇന്ത്യന്‍ എംബസിയാണ്. പ്രവാസികളില്‍ ഗര്‍ഭിണികള്‍, അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍, ദുരിതത്തില്‍ കഴിയുന്ന തൊഴിലാളികള്‍, മുതിര്‍ന്ന പൗരന്മാര്‍, പ്രതിസന്ധിയില്‍ കുടുങ്ങി കിടക്കുന്നവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണനയെന്ന് എംബസി അധികൃതര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 40,000 പേരാണ് എംബസിയില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. റജിസ്റ്റര്‍ ചെയ്തിരിക്കുന്നവരുടെ പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായി ഇന്നലെ താല്‍ക്കാലികമായി നിര്‍ത്തിവെച്ച ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ ഇന്ന് വീണ്ടും പുനരാരംഭിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed