ഉച്ചവിശ്രമ നിയമ ലംഘനം : നടപടിയുമായി ഖത്തര്‍


ഖത്തര്‍ : ഖത്തറില്‍ വേനല്‍കാലത്തെ നിര്‍ബന്ധിത ഉച്ചവിശ്രമ നിയമം ലംഘിച്ച കമ്പനികള്‍ക്കെതിരെ ശിക്ഷാ നടപടി. ഇത്തരം കമ്പനികളെ കണ്ടെത്താന്‍ തുടര്‍ ദിവസങ്ങളില്‍ പരിശോധനകള്‍ ശക്തമാക്കാനും തൊഴില്‍മന്ത്രാലയം തീരുമാനിച്ചു.

ജൂണ്‍ 15 മുതല്‍ ഓഗസ്റ്റ് 31 വരെയാണ് ഖത്തറില്‍ വേനല്‍കാല ഉച്ചവിശ്രമനിയമം നടപ്പിലാക്കിയത്. ഇതനുസരിച്ച് രാവിലെ 11.30 മുതല്‍ ഉച്ച തിരിഞ്ഞ് മൂന്ന് മണിവരെ തൊഴിലാളികളെ കൊണ്ട് പുറം ജോലികള്‍ ചെയ്യിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണ്.

ഈ നിയമം ലംഘിച്ചുകൊണ്ട് ഉച്ച സമയത്തും തൊഴിലാളികളെ കൊണ്ട് ജോലിയെടുപ്പിച്ച തൊണ്ണൂറ്റിയേഴ് കമ്പനികളെയാണ് മന്ത്രാലയത്തിന്‍റെ പരിശോധന സംഘം പിടികൂടിയത്. നിര്‍മ്മാണ, കാര്‍ഷിക, വ്യാവസായിക മേഖലകളില്‍ നിന്നുള്ള കമ്പനികളാണിവ.

മന്ത്രാലയത്തിന്‍റെ വ്യവസ്ഥകള്‍ ലംഘിച്ചതിന് മുഴുവന്‍ കമ്പനികളുടെയും വര്‍ക്ക് സൈറ്റുകള്‍ നിശ്ചിത ദിവസത്തേക്ക് പൂട്ടിയിടാന്‍ മന്ത്രാലയം ഉത്തരവിട്ടു. തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്താണ് മന്ത്രാലയം ഈ തീരുമാനം എടുത്തതെന്നും മുഴുവന്‍ സ്ഥാപനങ്ങളും ഇതുമായി സഹകരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

തൊഴില്‍മന്ത്രാലയം നിയോഗിച്ച ലേബര്‍ ഇന്‍സ്പെക്ടര്‍മാര്‍ വരും ദിവസങ്ങളില്‍ പരിശോധനകള്‍ ശക്തമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഉച്ച വിശ്രമനിയമം സംബന്ധിച്ച സര്‍ക്കുലര്‍ തൊഴില്‍ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ തരം പുറംജോലികള്‍ക്കും ഇത് ബാധകമാണ്. മാത്രമല്ല തൊഴിലാളികള്‍ക്ക് ആവശ്യമായ വെള്ളം, ഉയര്‍ന്നതാപനിലയുടെ ആഘാതത്തില്‍ നിന്ന് അവരെ സംരക്ഷിക്കുന്നതിനായി ഭാരം കുറഞ്ഞ വസ്ത്രങ്ങള്‍ എന്നിവ നല്‍കാനും കമ്പനികള്‍ ബാധ്യസ്ഥരാണ്.

കമ്പനികൾ നിയമങ്ങള്‍ക്ക് അനുസൃതമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി പ്രത്യേക ഇന്‍സ്പെക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ട്. കുറ്റക്കാരെ കണ്ടെത്തുന്ന പക്ഷം കടുത്ത ശിക്ഷകള്‍ ലഭിക്കും.

തുറന്ന പ്രദേശങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരെ കണ്ടെത്തിയാൽ ഉടൻ ജോലി അവസാനിപ്പിച്ച് തൊഴിലാളികളെ എയർകണ്ടീഷൻ ചെയ്ത സ്ഥലങ്ങളിലേക്ക് മാറ്റും. കൂടാതെ പൊതു ജനങ്ങളില്‍ ഇത് സംബന്ധിച്ച ബോധവല്‍ക്കരണ പ്രവര‍്ത്തനങ്ങളും മന്ത്രാലയം നടത്തുന്നുണ്ട്.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed