േസ്റ്റഷനറി കടയുടമ 59 പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്‌തതായി പരാതി
പട്ടാന്പി: തൃത്താലമേഖലയിലെ ഒരു യു.പി. സ്കൂളിലെ 59 വിദ്യാർത്ഥിനികളെ േസ്റ്റഷനറി കടയുടമ ലൈംഗികചൂഷണത്തിന് ഇരയാക്കിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് കക്കാട്ടിരി സ്വദേശി പൂലേരി വളപ്പിൽ കൃഷ്ണനെതിരേ (57) പോക്സോ നിയമപ്രകാരം തൃത്താലപോലീസ് കേസെടുത്തു. കൃഷ്ണനെ പിടികൂടാനായിട്ടില്ല. ഇയാളുടെ കക്കാട്ടിരിയിലെ വീട്ടിലും പോലീസ് പരിശോധന നടത്തി. മൊബൈൽഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. കടയിൽ മിഠായിയും മറ്റും വാങ്ങാനെത്തുന്ന പെൺകുട്ടികളെയാണ് ഇയാൾ ചൂഷണംചെയ്തുവന്നിരുന്നത്. വ്യാഴാഴ്ചയാണ് ഒരു കുട്ടിയിൽ നിന്ന് ഇക്കാര്യം പുറത്തറിയുന്നത്. തുടർന്നുനടത്തിയ അന്വേഷണത്തിൽ കൂടുതൽ കുട്ടികളും തങ്ങൾക്കുണ്ടായ ദുരനുഭവം അദ്ധ്യാപകരോട് പങ്കുവെക്കുകയായിരുന്നു. തുടർന്ന്, അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ സംഭവം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിക്കുകയും ഇതേത്തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ വിദ്യാലയത്തിലെത്തി കുട്ടികളിൽനിന്ന് മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഇത്തരത്തിൽ പരാതിപറഞ്ഞ 59 പെൺകുട്ടികളിൽനിന്ന് പ്രവർത്തകർ വിവരങ്ങൾ ചോദിച്ചറിഞ്ഞു. വെള്ളിയാഴ്ച ചൈൽഡ് ലൈൻ പ്രവർത്തകർ ചൂഷണത്തിനിരയായ കുട്ടികൾക്ക് കൗൺസലിങ്ങും രക്ഷിതാക്കൾക്കായി നിയമ ബോധവൽക്കരണ ക്ലാസും നൽകി.
രക്ഷിതാക്കളുടെയും ചൈൽഡ് ലൈനിന്റെയും പരാതിയനുസരിച്ച് തൃത്താല പോലീസ് വിദ്യാലയത്തിലെ പത്ത് കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. വരുംദിവസങ്ങളിൽ മറ്റുള്ള കുട്ടികളുടെ മൊഴിയെടുക്കും. വർഷങ്ങളായി കുട്ടികളെ ഇയാൾ ചൂഷണത്തിനിരയാക്കിവന്നിരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് സ്കൂൾ പ്രധാനാദ്ധ്യാപിക പറഞ്ഞു. ഇയാളുടെ ഭീഷണിയെത്തുടർന്ന് കുട്ടികൾ കാര്യങ്ങൾ പുറത്തുപറയാൻ മടിക്കയായിരുന്നു. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികൾക്കാണ് ദുരനുഭവം നേരിട്ടുവന്നിരുന്നതെന്നും അവർ പറഞ്ഞു.

