പൊടിക്കാറ്റ് : മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
ദോഹ: ഖത്തറില്‍ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. പൊടി നിറഞ്ഞ വടക്ക് പടിഞ്ഞാറന്‍ കാറ്റ് (അല്‍ ബവാരി) നാളെ മുതല്‍ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. അടുത്ത ആഴ്ച ആദ്യം വരെയാകും അല്‍ ബവാരി ശക്തമാകുക. മണിക്കൂറില്‍ 12 മുതല്‍ 22 നോട്ടിക് മൈലും ചിലയിടങ്ങളില്‍ 30 നോട്ടിക് മൈലുമായിരിക്കും കാറ്റിന്റെ വേഗം. പൊടി ഉയരുന്നതിനാല്‍ ദൂരക്കാഴ്ച ചിലയിടങ്ങളില്‍ 3 കിലോമീറ്ററോളം കുറയുവാനും സാധ്യതയുണ്ട്. അതോടൊപ്പം തന്നെ തിരമാല 5 മുതല്‍ 7 അടി ഉയരുവാനും സാധ്യത കാണുന്നു.
ചില സ്ഥലങ്ങളില്‍ പകല്‍ താപനില നേരിയ തോതില്‍ ഉയരും. പരമാവധി താപനില 41നും 47 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലും, രാത്രിയില്‍ കുറഞ്ഞ താപനില 29നും 34 നും ഇടയിലുമാകും.പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. കടല്‍ യാത്ര ഒഴിവാക്കണമെന്നും, നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെ ശ്രദ്ധിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
ജൂണ്‍ ആദ്യം മുതല്‍ ജൂലൈ പകുതി വരെയാണ് അല്‍ ബവാരി കാറ്റ് വീശുക. 40 ദിന കാറ്റെന്നും അല്‍ ബവാരി അറിയപ്പെടുന്നു. പകല്‍ സമയം പൊടിക്കാറ്റ് ശക്തമാകുകയും രാത്രിയോടെ ദുര്‍ബലപ്പെടുകയും ചെയ്യുന്നതാണ് അല്‍ ബവാരിയുടെ ശൈലി.

