ഇസ്രായേൽ വഞ്ചക രാഷ്ട്രം, ചർച്ചക്ക് വിളിച്ചവരെ ആക്രമിക്കുന്നു: രൂക്ഷ വിമർശനവുമായി ഖത്തർ അമീർ

ഷീബ വിജയൻ
ദോഹ I ഇസ്രായേൽ വഞ്ചകരാഷ്ട്രമെന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. ചർച്ചക്ക് വിളിച്ചവരെ ആക്രമിക്കുന്നതിലൂടെ തങ്ങളെയും ജനങ്ങളെയും വഞ്ചിക്കുകയാണ് ചെയ്തതെന്നും ന്യൂയോർക്കിൽ നടക്കുന്ന യു.എൻ ജനറൽ അസംബ്ലി പൊതുചർച്ചയിൽ അദ്ദേഹം പറഞ്ഞു. ഖത്തറിനെതിരായ ഇസ്രായേൽ ആക്രമണം ഭരണകൂട ഭീകരത തന്നെയെന്ന് ആവർത്തിച്ച അമീർ സഹിഷ്ണുതയെ ബലഹീനതയായി കണക്കാക്കരുതെന്നും പറഞ്ഞു. ഇസ്രായേൽ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും ഭരണകൂട ഭീകരതയുമാണ്. അയൽരാജ്യങ്ങളെ ശത്രുക്കളായാണ് ഇസ്രായേൽ കാണുന്നത്. നിരവധി കരാറുകളിലൂടെ സമാധാനത്തിനായി പ്രതിജ്ഞാബദ്ധരായ രാജ്യങ്ങളാണ് ഇസ്രായേലിന് ചുറ്റുമുള്ളത്. എന്നാൽ തങ്ങളുടെ ഇംഗിതത്തെ എതിർക്കുന്നവരെ തീവ്രവാദികളായി ചിത്രീകരിക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
ദോഹയിലെ ഹമാസിന്റെ പ്രതിനിധി സംഘത്തെ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തെ ഖത്തർ അമീർ വിമർശിച്ചു. സ്കൂളുകളും നയതന്ത്ര കാര്യാലയങ്ങളും ഉൾപ്പെടുന്ന ജനവാസ മേഖലയിലാണ് ആക്രമണം നടന്നത്. ഗസ്സയിലെ ജനങ്ങൾക്കെതിരായ വംശഹത്യ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ നയതന്ത്ര ശ്രമങ്ങളെയും ദുർബലപ്പെടുത്തുന്ന രാഷ്ട്രീയ നീക്കമാണ് ആക്രമണമെന്ന് അദ്ദേഹം പറഞ്ഞു. ഗസ്സയെ വാസയോഗ്യമല്ലാതാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
SXZXZAXZ