ഇസ്രായേലിൽ ഡ്രോൺ ആക്രമണം: 22 പേർക്ക് പരിക്ക്

ഷീബ വിജയൻ
തെൽഅവീവ് I ഇസ്രായേലിന് നേരെ ഹൂത്തി ഡ്രോൺ ആക്രമണം. ഇന്നലെ വൈകീട്ട് ഇസ്രായേലിലെ എയ്‌ലാത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 22 പേർക്കാണ് പരിക്കേറ്റത്. ഇതിൽ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. കഴിഞ്ഞ ദിവസം റിസോർട്ട് സിറ്റിയിലെ ഹോട്ടലിന് നേരെ ഡ്രോൺ ആക്രമണം നടന്നിരുന്നു. ഗുരുതര പരിക്കേറ്റവരെ ഇസ്രായേൽ വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകളിൽ ബീർഷെബയിലെ സൊറോക്ക മെഡിക്കൽ സെന്ററിലേക്ക് മാറ്റി. മറ്റുള്ളവരെ എയ്‌ലാത്തിലെ യോസെഫ്താൽ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. ഷോപ്പിങ് ഏരിയയിലെ ഹോട്ടലിന് സമീപമാണ് ഡ്രോൺ ആക്രമണം നടന്നത്. രണ്ട് അയൺ ഡോം ഇന്റർസെപ്റ്റർ മിസൈലുകൾ തൊടുത്തുവിട്ടുവെങ്കിലും ഡ്രോൺ തടയാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതായി സൈന്യം സമ്മതിച്ചു.
അതേസമയം ആക്രമണ മുന്നറിയിപ്പ് സൈറണുകൾ പ്രോട്ടോക്കോൾ അനുസരിച്ച് മുഴങ്ങിയിരുന്നു. വീഴ്ചയെ കുറിച്ച് ഇസ്രായേലി വ്യോമസേന അന്വേഷണം ആരംഭിച്ചു. ഡ്രോൺ വൈകിയാണ് കണ്ടെത്തിയതെന്നും അതിനാൽ ഹെലികോപ്റ്ററുകളോ യുദ്ധവിമാനങ്ങളോ ഉപയോഗിച്ച് പ്രതിരോധിക്കാൻ ഐഎഎഫിന് മതിയായ സമയം ലഭിച്ചില്ല എന്നും വ്യോമസേനയുടെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. താഴ്ന്നു പറക്കുന്നതിനാലാകാം ഡ്രോണിനെ വെടിവെച്ചിടുന്നതിൽ അയൺ ഡോം പരാജയപ്പെട്ടതെന്നും ഐ.എ.എഫ് പറയുന്നു.
AADFSDSAFDSA