പുകയില ഉപയോഗ നിയന്ത്രണം ; ഒന്നാം സ്ഥാനത്ത് ഒമാൻ


പുകയില ഉപയോഗ നിയന്ത്രണത്തില്‍ മുന്നേറ്റവുമായി ഒമാന്‍. ആഗോള പുകയില വിരുദ്ധ സൂചികയില്‍ അറബ് ലോകത്ത് രാജ്യം ഒന്നാം സ്ഥാനത്താണുള്ളത്. ആഗോളതലത്തില്‍ 16ാം സ്ഥാനം. ഗ്ലോബല്‍ സെന്‍റര്‍ ഫോര്‍ ഗുഡ് ഗവേണന്‍സ് ഇന്‍ ടുബാക്കോ കണ്‍ട്രോള്‍ (ജി.ജി.ടി.സി) പ്രസിദ്ധീകരിച്ച സൂചികയിലാണ് ഇക്കാര്യം. കഴിഞ്ഞവര്‍ഷം പുകയില ഉപയോഗം നിയന്ത്രിക്കുന്നതിനായി 80 രാജ്യങ്ങളിലെ സര്‍ക്കാറുകള്‍ നടത്തിയ ശ്രമങ്ങളെ അടിസ്ഥാനമാക്കിയാണ് സൂചിക തയാറാക്കിയത്. പുകയില ഉപയോഗത്തിലൂടെ ആഗോളതലത്തില്‍ ഏഴു ദശലക്ഷത്തോളം ആളുകള്‍ വര്‍ഷം തോറും മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. പരോക്ഷ ഉപയോഗത്തിലൂടെ 1.2 ദശലക്ഷം ആളുകളും മരിക്കുന്നു. പുകയിലയുടെ ഉപഭോഗം നിയന്ത്രിക്കാന്‍ ശക്തമായ നടപടികളാണ് ഒമാന്റേത്. സര്‍ക്കാര്‍ ഓഫിസുകളിലും മറ്റും പുകവലിക്കുന്നതിനും 18 വയസ്സിന് താഴെയുള്ളവര്‍ പുകയിലയും പുകയിലയുമായി ബന്ധപ്പെട്ട ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതിനും നിരോധനമുണ്ട്.

ജി.സി.സിയുടെ സംയുക്ത തീരുമാനത്തിന്‍റെ ഭാഗമായി സമൂഹമാധ്യമങ്ങളിലും ബില്‍ ബോര്‍ഡുകളിലും പരസ്യം പ്രചരിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണ്. 2019മുതല്‍ ഉയര്‍ന്ന തോതിലുള്ള എക്സൈസ് നികുതിയാണ് പുകയില ഉല്‍പന്നങ്ങള്‍ക്ക്. തുച്ഛമായ വിലയില്‍ പുകയില ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നത് തടയുകയാണ് ലക്ഷ്യം. രാജ്യത്ത് 23ശതമാനം പുരുഷന്മാരും 1.5ശതമാനം സ്ത്രീകളും പുകവലിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed