സലാലയിലേക്ക് സഞ്ചാരികളെത്തിത്തുടങ്ങി
മസ്കത്ത്: സലാലയിലേക്ക് ഖരീഫ് സഞ്ചാരികളുടെ വരവിന് തുടക്കമായി. ജൂണ്‍ 21നാണ് സീസണ്‍ ആരംഭിച്ചത്. ജൂണ്‍ 25 വരെയുള്ള സമയത്തിനുള്ളില്‍ 5896 പേര്‍ സലാലയില്‍ എത്തിയതായി ദേശീയ സ്ഥിതിവിവര കേന്ദ്രത്തിെന്‍റ കണക്കുകള്‍ പറയുന്നു. സന്ദര്‍ശകരില്‍ പകുതിയോളം പേരും സ്വദേശികളാണ്.ഖരീഫ് സീസണ്‍ ആരംഭിച്ച ദിനം മുതല്‍ സഞ്ചാരികളുടെ കണക്കെടുപ്പിന് മന്ത്രാലയം തുടക്കമിട്ടിരുന്നു. റോഡ്, വ്യോമ മാര്‍ഗങ്ങളിലൂടെയെത്തുന്ന സഞ്ചാരികളുടെ വിശദ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ സുസജ്ജമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ടൂറിസം മന്ത്രാലയവും സഞ്ചാരികള്‍ക്കായി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സലാലയുടെ വിവിധ ഭാഗങ്ങളില്‍ ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്‍ററുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ടൂറിസം പ്രമോഷന്‍ ഡിപ്പാര്‍ട്മെന്‍റ് വിഭാഗം ഡയറക്ടര്‍ മര്‍വാന്‍ അല്‍ ഗസ്സാനി പറഞ്ഞു.
കര അതിര്‍ത്തികള്‍, സലാല വിമാനത്താവളം, സിറ്റി എന്‍റര്‍ടെയ്ന്‍മെന്‍റ് സെന്‍റര്‍ എന്നിവിടങ്ങളിലാണ് ഇന്‍ഫര്‍മേഷന്‍ സെന്‍ററുകള്‍ പ്രവര്‍ത്തിക്കുക. ടൂറിസം മാപ്പുകള്‍, വിവിധ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബ്രോഷറുകള്‍ തുടങ്ങിയവ ഇവിടെ ലഭിക്കും. താല്‍ക്കാലിക ടൂറിസം ഗൈഡുമാരുടെ സേവനവും ഇവിടെ ലഭ്യമാകുമെന്ന് മര്‍വാന്‍ അല്‍ ഗസ്സാനി പറഞ്ഞു.

