അബ്ഹ ആക്രമണം: ക്രൂസ് മിസൈല്‍ ഇറാന്‍ സേനയുടേത്
റിയാദ്: ഈമാസം 12ന് അബ്ഹ വിമാനത്താവളത്തില്‍ പതിച്ച ക്രൂസ് മിസൈല്‍ ഇറാന്‍ റവലൂഷനറി സേനയുടേതാണെന്ന് പരിശോധനയില്‍ വ്യക്തമായതായി സഖ്യസേന വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സൗദിയെ ലക്ഷ്യംവെച്ചെത്തിയ ഡ്രോണുകള്‍ ഇറാനില്‍നിന്ന് എത്തിച്ചതാണ്.
റിയാദില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ ഡ്രോണ്‍ തകര്‍ത്തിടുന്ന ദൃശ്യങ്ങള്‍ സഖ്യസേന പ്രദര്‍ശിപ്പിച്ചു. ഇറാനില്‍നിന്ന് കള്ളക്കടത്തിലൂടെയെത്തുന്ന ഡ്രോണാണ് ഹൂതികള്‍ ഉപയോഗിക്കുന്നത്. ഉയര്‍ന്ന സാേങ്കതിക നിലവാരത്തിലുള്ളതാണ് ഡ്രോണുകള്‍. അത്യാധുനിക ഡ്രോണുകള്‍ ഹൂതികള്‍ക്കെത്താന്‍ ഒരു വഴിയുമില്ല. ഉള്ളത് കള്ളക്കടത്ത് വഴിയാണ്.
സഖ്യസേന നേരേത്ത ഹൂതികള്‍ക്കെതിരെ നടത്തിയ ആക്രമണങ്ങളില്‍ ലക്ഷ്യം തെറ്റിയുണ്ടായ അപകടങ്ങളില്‍ പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയതായി അദ്ദേഹം പറഞ്ഞു. ആറു സംഭവങ്ങളിലായി 26 ലക്ഷം റിയാലാണ് വിതരണം ചെയ്തത്. ഇക്കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ 21 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.13 സ്വദേശികള്‍ക്കും രണ്ടു കുട്ടികളടക്കം നാല് ഇന്ത്യക്കാര്‍ക്കും രണ്ട് ഇൗജിപ്തുകാര്‍ക്കും രണ്ടു ബംഗ്ലാദേശ് പൗരന്മാര്‍ക്കുമാണ് പരിക്കേറ്റത്.
പരിക്കേറ്റ മൂന്നു വനിതകളില്‍ രണ്ടു സ്വദേശികളും ഒരു ഇൗജിപ്ഷ്യന്‍ വനിതയുമാണ്. വിമാനത്താവളത്തിലെ മക്ഡൊണാള്‍ഡ് ഹോട്ടലാണ് ആക്രമണത്തില്‍ തകര്‍ന്നത്. 18 വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്. യമന്‍ വിഷയത്തില്‍ യു.എന്‍ സമാധാനശ്രമങ്ങള്‍ പുരോഗമിക്കുന്ന സാഹചര്യമായിരുന്നു എന്ന് കേണല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു. നിലവില്‍ ഹൂതികള്‍ ഇറാന്‍ പിന്തുണയോടെ മേഖലയില്‍ പ്രശ്നം സൃഷ്ടിക്കുകയാണ്. ഇതിനെ പ്രതിരോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

