ജി.സി.സി രാഷ്ട്രങ്ങളിലെ താമസക്കാരുടെ വിസാ നിരക്കിൽ വർദ്ധനവ് വരുത്തിയിട്ടില്ല : ഒമാൻ
മസ്കറ്റ് : ജി.സി.സി രാഷ്ട്രങ്ങളിലെ താമസക്കാരുടെ വിസാ നിരക്കിൽ വർദ്ധനവ് വരുത്തിയിട്ടില്ലെന്ന് ഒമാൻ ടൂറിസം മന്ത്രാലയം അറിയിച്ചു. വിസാ ഫീസിലെ വർദ്ധനവ് സഞ്ചാരികളുടെ വരവിനെ ബാധിച്ചതായി റിപ്പോർട്ടുകൾ വന്നതിന്റെ അടിസ്ഥാനത്തിലാണ് ടൂറിസം മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്. 2009 മുതൽ 2017 അവസാനം വരെ ഒമാനിലെത്തിയ സഞ്ചാരികളുടെ എണ്ണത്തിൽ ശരാശരി 6.6 ശതമാനത്തിന്റെ വീതം വർദ്ധനവാണ് ഉണ്ടായതെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. ഈ വർഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളിൽ ഒമാനിലെത്തിയ സഞ്ചാരികളുടെ എണ്ണത്തിൽ 10.8 ശതമാനത്തിന്റെ വർദ്ധനവുണ്ടായതായും വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം 64,690 ആയിരുന്നത് ഈ വർഷം 71,701 ആയാണ് ഉയർന്നത്. ത്രിനക്ഷത്രം മുതൽ പഞ്ചനക്ഷത്രം വരെയുള്ള ഹോട്ടലുകളിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 132,759 അതിഥികളെത്തി. മുൻ വർഷത്തേതിൽ നിന്ന് 11.6 ശതമാനത്തിന്റെ വർദ്ധനവാണ് അതിഥികളിലുണ്ടായത്. നക്ഷത്ര ഹോട്ടലുകളുടെ വരുമാനത്തിലാകട്ടെ 11.4 ശതമാനത്തിന്റെ വർദ്ധനവുമുണ്ടായി. മസ്കത്ത് വിമാനത്താവളത്തിൽ ഇക്കാലളവിൽ എത്തിയത് 1,144,617 ലക്ഷം രാജ്യാന്തര യാത്രക്കാരാണ്. പുതിയ മസ്കറ്റ് രാജ്യാന്തര വിമാനത്താവളം ഉദ്ഘാടനം ചെയ്തതോടെ യാത്രികരുടെ എണ്ണത്തിൽ പ്രതിവർഷം 13 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മന്ത്രാലയം.

