യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധന : നേട്ടം കൊയ്ത് ഒമാൻ വ്യോമയാന മേഖല
മസ്്ക്കറ്റ് : കഴിഞ്ഞ വർഷം ഒമാൻ വ്യോമ യാന മേഖല വൻ നേട്ടം കൈവരിച്ചതായി അധികൃതർ വ്യക്തമാക്കി. രാജ്യത്ത് നിന്നുള്ള പുതിയ വിമാനക്കന്പനി സർവ്‍വീസുകൾ ആരംഭിച്ചതും സൊഹാർ വിമാനത്താവളത്തിൽ നിന്ന് രാജ്യാന്തര സർവ്‍വീസുകൾക്ക് തുടക്കം കുറിച്ചതും രാജ്യത്തിന് വൻ വികസനം സാധ്യമാക്കി. യാത്രക്കാരുടെ എണ്ണവും കൂടിയിട്ടുണ്ട്.
മസ്‌ക്കറ്റ്, സലാല, രാജ്യാന്തര വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തവരിൽ 2016നെ അപേക്ഷിച്ച് 16ശതമാനം കൂടി. രണ്ട് വിമാനത്താവളങ്ങളിലുമായി 15,562,886 പേർ കഴിഞ്ഞ വർഷം യാത്ര ചെയ്തതായി ദേശീയ സ്ഥിതി വിവര വിഭാഗം റിപ്പോർട്ട് വ്യക്തമാക്കുന്നു. മസ്‌ക്കറ്റ് രാജ്യാന്തര വിമാനത്താവളം വഴി 14,034,865 പേർ യാത്ര ചെയ്തു. 2016ൽ ഇത് 12,031,496 ആയിരുന്നു. വിമാനസർവ്‍വീസുകളുടെ എണ്ണത്തിൽ 10.6ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയത്. 2016ൽ 103,326 വിമാന സർവ്‍വീസുകൾ ഉണ്ടായിരുന്നെങ്കിൽ കഴിഞ്ഞ വർഷമിത് 114258 ആയി ഉയർന്നു.
രാജ്യാന്തര സർവ്‍വീസുകളിൽ 8.9ശതമാനവും ആഭ്യന്തര സർവ്‍വീസുകളിൽ 27.4 ശതമാനവും വർദ്ധനയുണ്ടായി. സലാല വിമാനത്താവളത്തിൽ കഴിഞ്ഞ വർഷം എത്തിയത് 15,28,021 യാത്രക്കാരാണ്. 2016ൽ ഇവിടെ യാത്രക്കാരുടെ എണ്ണം 11,98,596 ആയിരുന്നു.

