ഒമാനിലെ കലാ സാംസ്കാരിക രംഗത്തെ മലയാളീ സാന്നിദ്ധ്യം ഗിരിജാ ബേക്കർ ഓർമ്മയായി

മസ്കറ്റ് : ഒമാനിലെ കലാ സാംസ്കാരിക രംഗത്ത് നാലര പതിറ്റാണ്ട് നിറഞ്ഞുനിന്ന മലയാളീ സാന്നിദ്ധ്യം ഇനി ഓർമ്മയായി. നാലര പതിറ്റാണ്ട് മുന്നെ ഒമാനിൽ പ്രവാസിയായി എത്തുകയും തുടർന്ന് ഒരു ഒമാനിയെ വിവാഹം കഴിച്ച് സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞുനിന്ന ഗിരിജാ ബേക്കർ എന്ന ഒമാനി മലയാളിയുടെ കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് വിരാമമായി. നർത്തകിയായും നൃത്താദ്ധ്യാപികയായും നാടക നടിയായും ഒമാനിലെ മലയാളീ സാംസ്കാരികരംഗത്ത് നാലര പതിറ്റാണ്ട് നിറഞു നിൽക്കുകയെന്നത് ഒരു വലിയ കാലഘട്ടമാണ്.
ഒമാനിലെ പ്രമുഖ മലയാളീ സംഘടനയായ ഇൻഡ്യൻ സോഷ്യൽ ക്ലബ്ബ്- മലയാള വിഭാഗത്തിന്റെ ലൈഫ് ടൈം മെംബറായി ആദരിച്ചിട്ടുള്ള ഗിരിജാ ബേക്കറുടെ നിര്യാണത്തിൽ മലയാള വിഭാഗം അനുശോചനയോഗം കൂടുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. കൺ വീനർ ഭാസ്കരൻ, കോ. കൺ വീനർ ഉണ്ണികൃഷ്ണൻ നായർ, ജെ.രത്നകുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.