ഭക്ഷ്യസുരക്ഷാ രംഗത്ത് വൻ കുതിപ്പിനൊരുങ്ങി ഒമാൻ; 899 ദശലക്ഷം റിയാലിന്റെ 376 പദ്ധതികൾക്ക് അംഗീകാരം
ശാരിക
മസ്കത്ത്: രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ശക്തമാക്കുന്നതിനും ഭക്ഷ്യമേഖലയിൽ രണ്ടാമത്തെ ഒരു ബില്യൺ ഒമാൻ റിയാലിന്റെ പ്രാദേശികവൽക്കരണ ലക്ഷ്യം കൈവരിക്കുന്നതിനുമായി 'ഫുഡ് സെക്യൂരിറ്റി ലാബ് 2026' സുപ്രധാന നിക്ഷേപ പദ്ധതികൾക്കും സംരംഭങ്ങൾക്കും രൂപം നൽകി. സമാപന ചടങ്ങിൽ ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ചെയർമാൻ ഡോ. അബ്ദുൽ സലാം ബിൻ മുഹമ്മദ് അൽ മുർഷിദി മുഖ്യാതിഥിയായി പങ്കെടുത്തു.
പ്രാദേശിക ഉൽപ്പാദനം വർദ്ധിപ്പിക്കാനും നിക്ഷേപങ്ങൾ ആകർഷിക്കാനും ഭക്ഷ്യോൽപ്പാദന അനുബന്ധ വ്യവസായങ്ങളെ ശക്തിപ്പെടുത്താനും ഈ പദ്ധതികൾ സഹായിക്കുമെന്ന് ഫുഡ് സെക്യൂരിറ്റി ലാബ് 2026 ജനറൽ സൂപ്പർവൈസർ ഡോ. മസൂദ് ബിൻ സുലൈമാൻ അൽ അസ്രി പറഞ്ഞു. അനുകൂലമായ നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും വിതരണ ശൃംഖല കാര്യക്ഷമമാക്കുന്നതിനും ഇത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ (2026–2030) കീഴിലുള്ള ഭക്ഷ്യസുരക്ഷാ പരിപാടികൾക്കായി പ്രത്യേക രൂപരേഖ തയ്യാറാക്കിയതായി കൃഷി-മത്സ്യബന്ധന-ജലവിഭവ മന്ത്രാലയത്തിലെ ഒമാൻ വിഷൻ 2040 ഇംപ്ലിമെന്റേഷൻ ഫോളോ-അപ്പ് ഓഫീസ് ഡയറക്ടർ എൻജിനീയർ അസ്മ ബിൻത് ഹമൂദ് അൽ ഹിനായി അറിയിച്ചു.
ഭക്ഷ്യ-ജല സുരക്ഷ, ബ്ലൂ ഇക്കോണമി, സുസ്ഥിര കൃഷി-മത്സ്യബന്ധനം, ശാസ്ത്രീയ ഗവേഷണം, നൂതന ആശയങ്ങൾ, ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒൻപത് പ്രധാന പരിപാടികളാണ് ഇതിലുള്ളത്. നാല് പ്രധാന മേഖലകളിലായി ഏകദേശം 899 ദശലക്ഷം ഒമാൻ റിയാൽ മൂല്യമുള്ള 376 പദ്ധതികളാണ് നിലവിൽ ഭക്ഷ്യസുരക്ഷാ നിക്ഷേപ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 77 ദശലക്ഷം റിയാലിന്റെ 158 കാർഷിക പദ്ധതികൾ, 261 ദശലക്ഷം റിയാലിന്റെ 75 കന്നുകാലി വളർത്തൽ പദ്ധതികൾ, 178 ദശലക്ഷം റിയാലിന്റെ 98 മത്സ്യബന്ധന പദ്ധതികൾ, 383 ദശലക്ഷം റിയാലിന്റെ 45 ജലവിഭവ പദ്ധതികൾ എന്നിവയാണ് ഇതിലുള്ളത്.
2030-ഓടെ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, ഭക്ഷ്യ എണ്ണകൾ, മാംസം, പാലുൽപ്പന്നങ്ങൾ, മത്സ്യം, കുടിവെള്ളം എന്നിവയുൾപ്പെടെ 25 മുൻഗണനാ ഉൽപ്പന്നങ്ങൾ ലാബ് കണ്ടെത്തിയിട്ടുണ്ട്. ഒമാനി ഭക്ഷ്യോൽപ്പന്നങ്ങളുടെ കയറ്റുമതി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഉൽപ്പാദന പ്രവചനത്തിനും കയറ്റുമതി ഏകോപനത്തിനുമായി പ്രത്യേക യൂണിറ്റ് സ്ഥാപിക്കാനും നിർദ്ദേശമുണ്ട്. അക്വാകൾച്ചർ നിക്ഷേപ ഭൂപടം തയ്യാറാക്കുക, മത്സ്യ-കന്നുകാലി തീറ്റ വ്യവസായങ്ങൾ ശക്തിപ്പെടുത്തുക, തീരുമാനങ്ങൾ എടുക്കുന്നതിനായി സ്മാർട്ട് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും നിർമ്മിത ബുദ്ധിയും (AI) ഉപയോഗിക്കുക തുടങ്ങിയവയും ഇതിന്റെ ഭാഗമാണ്. കൂടാതെ, ഭക്ഷ്യ ഇറക്കുമതി നിയന്ത്രിക്കാനും ഷിപ്പിംഗ് നടപടികൾ ലഘൂകരിക്കാനും തന്ത്രപ്രധാന പദ്ധതികൾക്കായി യന്ത്രസാമഗ്രികൾക്ക് കസ്റ്റംസ് ഇളവുകൾ നൽകാനും തീരുമാനമായി.
സമാപന ചടങ്ങിൽ നിക്ഷേപത്തെയും മൂല്യവർദ്ധിത ഭക്ഷ്യ വ്യവസായങ്ങളെയും പിന്തുണയ്ക്കുന്ന 10 കരാറുകളിൽ ഒപ്പുവെച്ചു. ഒമേഗ അറേബ്യയുടെ നേതൃത്വത്തിൽ 29,888 ചതുരശ്ര മീറ്റർ സ്ഥലത്ത് 28 ദശലക്ഷം റിയാൽ ചെലവിൽ സ്ഥാപിക്കുന്ന ഒമേഗ-3 ഉൽപ്പാദന കേന്ദ്രമാണ് ഇതിൽ പ്രധാനം. ന്യൂ ക്രൗൺ ഇൻവെസ്റ്റ്മെന്റ് 10,000 ചതുരശ്ര മീറ്ററിൽ 1.554 ദശലക്ഷം റിയാൽ നിക്ഷേപത്തിൽ കുപ്പിവെള്ളം, ശീതളപാനീയങ്ങൾ, പാലുൽപ്പന്നങ്ങൾ, തക്കാളി ഉൽപ്പന്നങ്ങൾ എന്നിവ നിർമ്മിക്കുന്ന സംയോജിത ഫാക്ടറി സ്ഥാപിക്കും. അൽ അതാ ഫുഡ് ഇൻഡസ്ട്രീസ് 5,243 ചതുരശ്ര മീറ്റർ സ്ഥലത്ത് 600,000 റിയാൽ ചെലവിൽ ശീതീകരിച്ച ഉരുളക്കിഴങ്ങ് സംസ്കരണ കേന്ദ്രവും ആരംഭിക്കും. ഖസൈൻ സിഇഒ എൻജിനീയർ സാലിം ബിൻ സുലൈമാൻ അൽ ദഹ്ലിയും വിവിധ കരാറുകളിൽ പങ്കാളിയായി. നിക്ഷേപ വെല്ലുവിളികൾ മറികടക്കുന്നതിനും പൊതു-സ്വകാര്യ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ആധുനിക സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനുമുള്ള ചർച്ചകളും ശിൽപശാലകളും ലാബിന്റെ ഭാഗമായി നടന്നു.
ോേ്ോ്േ

