ഒമാൻ ചേംബർ തിരഞ്ഞെടുപ്പിന് ഹൈടെക് മുഖം; ഇനി ലോകത്തെവിടെയിരുന്നും സ്മാർട്ട്‌ഫോൺ ആപ്പ് വഴി വോട്ട് ചെയ്യാം


ശാരിക

മസ്കത്ത്: അടുത്ത നാല് വർഷത്തേക്കുള്ള ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (OCCI) പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷനുകൾ വഴി ഇലക്ട്രോണിക് രീതിയിൽ നടക്കും. ഇതോടെ പോളിംഗ് സ്റ്റേഷനുകളിൽ നേരിട്ടെത്താതെ തന്നെ ഒമാന് അകത്തും പുറത്തുമുള്ള യോഗ്യരായ വോട്ടർമാർക്ക് വോട്ടവകാശം വിനിയോഗിക്കാൻ സാധിക്കും.

സാമ്പത്തിക വികസനത്തിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന നാഴികക്കല്ലാണ് ഈ തിരഞ്ഞെടുപ്പെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അണ്ടർസെക്രട്ടറിയും ഒസിസിഐ തിരഞ്ഞെടുപ്പ് കമ്മിറ്റി മേധാവിയുമായ എൻജിനീയർ ഗാലിബ് സയീദ് അൽ മഅ്മരി പറഞ്ഞു. വ്യാപാര സമൂഹത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിലും സാമ്പത്തിക നയങ്ങളിലും നിയമനിർമ്മാണങ്ങളിലും ക്രിയാത്മകമായി ഇടപെടുന്നതിലും ചേംബറിന് വലിയ പങ്കുണ്ട്. ഒമാൻ വിഷൻ 2040-ന് അനുസൃതമായി പൊതു-സ്വകാര്യ പങ്കാളിത്തം ശക്തമാക്കാനും ചെറുതും വലുതുമായ ബിസിനസ്സുകളുടെ വളർച്ചയെ പിന്തുണയ്ക്കാനും ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാമ്പത്തിക വീക്ഷണവും പ്രായോഗിക പരിചയവും ബിസിനസ്സ് രംഗത്തെ മാറ്റങ്ങളോട് പ്രതികരിക്കാനുള്ള ശേഷിയുമുള്ള അംഗങ്ങളെയാണ് പുതിയ ഭരണസമിതിക്ക് ആവശ്യമെന്നും ഗവർണറേറ്റുകളിലെ ബ്രാഞ്ച് ബോർഡുകളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലെ പ്രധാന ഘട്ടമാണെന്ന് ഒസിസിഐ തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗം ഡോ. മുഹമ്മദ് ബിൻ റാഷിദ് ബിൻ മുഹമ്മദ് അൽ ബാദി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കുന്നതിനായി നിശ്ചിത സമയക്രമം അനുസരിച്ച് സാങ്കേതിക നടപടികൾ പുരോഗമിക്കുകയാണ്. വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമ്പോൾ ബിസിനസ്സ് ഉടമകൾ അത് പരിശോധിച്ച് തങ്ങളുടെ സ്ഥാപനങ്ങൾക്ക് വോട്ട് ചെയ്യാനുള്ള യോഗ്യതയുണ്ടെന്നും അംഗീകൃത പ്രതിനിധികളുടെ വിവരങ്ങൾ കൃത്യമാണെന്നും ഉറപ്പുവരുത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

ചേംബറിന്റെ വാർഷിക അംഗത്വ ഫീസ് അടയ്ക്കുക, സോഷ്യൽ പ്രൊട്ടക്ഷൻ ഫണ്ടിൽ രജിസ്റ്റർ ചെയ്ത ഒരു ഒമാനി തൊഴിലാളിയെയെങ്കിലും നിയമിക്കുക അല്ലെങ്കിൽ ചെറുകിട-ഇടത്തരം സംരംഭക വികസന അതോറിറ്റി നൽകുന്ന സാധുവായ സംരംഭകത്വ കാർഡ് കൈവശം വയ്ക്കുക എന്നിവയാണ് വോട്ട് ചെയ്യുന്നതിനുള്ള പ്രധാന നിബന്ധനകൾ. തിരഞ്ഞെടുപ്പ് പ്രചാരണ നിയന്ത്രണങ്ങളും സമയപരിധിയും സ്ഥാനാർത്ഥികൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ചേംബറിന്റെ 10 ബ്രാഞ്ച് ബോർഡുകളുടെ ചെയർമാൻമാർ, മസ്കത്ത് ഗവർണറേറ്റിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് പ്രതിനിധികൾ, മസ്കത്ത് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ അഞ്ച് പ്രതിനിധികൾ, നിക്ഷേപക റെസിഡൻസി പെർമിറ്റുള്ള വിദേശ നിക്ഷേപകരുടെ ഒരു പ്രതിനിധി എന്നിവരടങ്ങുന്ന 21 അംഗങ്ങളാണ് ഒസിസിഐ ഡയറക്ടർ ബോർഡിൽ ഉണ്ടാവുക. വിദേശ നിക്ഷേപകരുടെ വിഭാഗത്തിൽ നാമനിർദ്ദേശം ലഭിച്ചില്ലെങ്കിൽ ചേംബറിന്റെ നിയമാവലി പ്രകാരമുള്ള സംവിധാനത്തിലൂടെ ആ സീറ്റ് നികത്തും. അന്തിമ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ഏഴ് ദിവസത്തിനുള്ളിൽ പുതിയ ബോർഡ് ആദ്യ യോഗം ചേർന്ന് രഹസ്യ ബാലറ്റിലൂടെ ചെയർമാനെയും രണ്ട് ഡെപ്യൂട്ടി ചെയർമാൻമാരെയും തിരഞ്ഞെടുക്കുന്നതോടെ 2026-2030 ഭരണസമിതി ഔദ്യോഗികമായി നിലവിൽ വരും.

article-image

hgh

You might also like

  • Lulu Exchange
  • Straight Forward

Most Viewed