സെന്റ് ഗ്രീഗോറിയോസ് ക്‌നാനായ പള്ളി പെരുന്നാളിന് കൊടിയേറി

മനാമ: ബഹ്റൈനിലെ സെന്റ് ഗ്രീഗോറിയോസ് ക്‌നാനായ പള്ളിയുടെ വലിയ പെരുന്നാൾ, വാർഷിക കൺവെൻഷൻ, ആദ്യഫല പെരുന്നാൾ എന്നിവ ആഘോഷപൂർവ്വം നടത്തുന്നതിന് മുന്നോടിയായി ക്‌നാനായ സെന്ററിൽ െവച്ച് 27ന് (വെള്ളിയാഴ്ച്ച) രാവിലെ വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം കൊടിയേറ്റ് കർമ്മം നടന്നു.
കൺവെൻഷൻ ദിവസങ്ങളായ ഒക്ടോബർ 30, 31, നവംബർ 1 തീയതികളിൽ വൈകീട്ട് 7:30 മുതൽ സന്ധ്യാനമസ്കാരം, വചന പ്രഘോഷണം എന്നിവ നടക്കും. റവ. ജെയിംസ് ജോസഫ് (ബഹ്റൈൻ മലയാളി സി.എസ്.ഐ. പാരീഷ് വികാരി), റവ. സാം മാത്യു (ബഹ്റൈൻ മാർത്തോമ്മ പാരീഷ് വികാരി) റവ. സുജിത് സുഗതൻ (സി.എസ്.ഐ സൗത്ത് കേരളാ പാരീഷ് വികാരി) എന്നിവർ വചന പ്രഘോഷണത്തിന് നേതൃത്വം നൽകുമെന്ന് സംഘാടകർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.
നവംബർ 2ന് (വ്യാഴം) വൈകീട്ട് പെരുന്നാൾ സന്ധ്യാപ്രാർത്ഥനയും, നവംബർ 3ന് (വെള്ളിയാഴ്ച്ച) രാവിലെ 8 മണി മുതൽ സെഗയ്യ കെ.സി.എ ഹാളിൽ െവച്ച് പ്രഭാത നമസ്കാരം, വിശുദ്ധ കുർബ്ബാന, പെരുന്നാൾ റാസ, ആശീർവാദം, നേർച്ച വിളന്പ് എന്നിവയും 11 മണി മുതൽ ആദ്യഫല ലേലവും സ്നേഹവിരുന്നും തുടർന്ന്‍ ക്‌നാനായ സെന്ററിൽ െവച്ച് കൊടിയിറക്കും നടക്കുമെന്നും, പെരുന്നാൾ ദിനങ്ങളിൽ എല്ലാ വിശ്വാസികളും സംബന്ധിക്കണമെന്നും വികാരി റവ. ഫാദർ ടിനോ തോമസ്, സെക്രട്ടറി ക്രിസോസ്റ്റം ജോസഫ്, ട്രസ്റ്റി ടോം തോമസ് എന്നിവർ അറിയിച്ചു.