ഒമാനിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ വർദ്‍ധന
മസ്‌കറ്റ് : ഒമാനിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ വർദ്ധന. 7.4 ശതകോടി റിയാലാണ് കഴിഞ്ഞ വർഷം അവസാനം വരെ രാജ്യത്ത് വിദേശ നിക്ഷേപമായി എത്തിയത്. 2015നെ അപേക്ഷിച്ച് നോക്കുന്പോൾ 0.8 ശതകോടി റിയാലിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഒമാനിലെ വിദേശ നിക്ഷേപരിൽ ഒന്നാമത് ബ്രിട്ടനാണ്. 2.797 ശതകോടി റിയാലാണ് ബ്രിട്ടന്റെ നിക്ഷേപം. യു.എ.ഇ 924.8 ദശലക്ഷം റിയാലും കുവൈത്ത് 396.1 ദശലക്ഷം റിയാലുമാണ് ഒമാനിൽ നിക്ഷേപിച്ചിരിക്കുന്നത്. തൊട്ടു പിന്നിലെ സ്ഥാനങ്ങളിൽ ഖത്തർ, ബഹ്റൈൻ, ഇന്ത്യ, നെതർലൻഡ്സ്, അമേരിക്ക, സ്വിറ്റ്സർലൻഡ് എന്നിവയാണ്. ആരോഗ്യകരമായ സൂചനയാണിതെന്നും സാന്പത്തിക വൈവിധ്യവത്കരണത്തിന്റെയും വളർച്ചയുടെയും പാതയിൽ രാജ്യം ശരിയായ ദിശയിൽ തന്നെയാണെന്നും സാന്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
ഏറ്റവും അത്യാവശ്യമുള്ള സമയത്ത് നിക്ഷേപം രാജ്യത്തേക്ക് എത്തുക എന്നത് ശുഭവാർത്തയാണെന്ന് ഒമാൻ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ചീഫ് ഇക്കണോമിസ്റ്റ് ഫാബിയോ സ്കാസിയവില്ലാനി പറഞ്ഞു.
എണ്ണ, വാതക പര്യവേക്ഷണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണ് ഈ വർഷത്തെ നിക്ഷേപത്തിന്റെ 47.9 ശതമാനവും. റിയൽ എേസ്റ്ററ്റ്, റെന്റൽ മേഖലകളിലെ നിക്ഷേപം എട്ടര ശതമാനവും മറ്റ് മേഖലകളിലേത് 12.8 ശതമാനവും വർദ്ധിച്ചിട്ടുണ്ട്. നിർമാണ മേഖലയിൽ മാത്രം വിദേശ നിക്ഷേപം 986.4 ദശലക്ഷം റിയാലാണ്.

