നികുതി റീഫണ്ടിന്റെ പേരിൽ വ്യാജ സന്ദേശങ്ങൾ; ബാങ്ക് വിവരങ്ങൾ കൈമാറരുതെന്ന് ഒമാൻ നികുതി അതോറിറ്റിയുടെ മുന്നറിയിപ്പ്
ഷീബ വിജയൻ
മസ്കത്ത്: നികുതി റീഫണ്ട് അപേക്ഷകൾ അംഗീകരിച്ചതായും, 48 മണിക്കൂറിനുള്ളിൽ സംശയാസ്പദമായ വെബ്സൈറ്റ് ലിങ്ക് വഴി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സ്ഥിരീകരിക്കണമെന്നും ആവശ്യപ്പെട്ട് വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതായി മുന്നറിയിപ്പ്. നിശ്ചിത സമയത്തിനുള്ളിൽ വിവരങ്ങൾ നൽകിയില്ലെങ്കിൽ റീഫണ്ട് നഷ്ടമാകുമെന്ന് സന്ദേശങ്ങളിലൂടെ ഭീഷണിപ്പെടുത്തുന്നുണ്ട്.
നികുതി റീഫണ്ട് ലഭിക്കാൻ അർഹതയുണ്ടെന്ന് വിശ്വസിപ്പിച്ച് ആളുകളെ ലിങ്കിൽ ക്ലിക്ക് ചെയ്യിപ്പിക്കുകയും, തുടർന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തി അക്കൗണ്ടിലെ പണം തട്ടിയെടുക്കുകയുമാണ് തട്ടിപ്പുകാരുടെ ലക്ഷ്യം.
taxoman.gov.om ആണ് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റെന്ന് വ്യക്തമാക്കിയ ഒമാൻ നികുതി അതോറിറ്റി, നികുതി റീഫണ്ട് വാഗ്ദാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിച്ചു. സംശയാസ്പദമായ ലിങ്കുകൾ തുറക്കരുതെന്നും, അപരിചിത സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും, വിശ്വാസയോഗ്യമല്ലാത്ത സൈറ്റുകളിൽ വ്യക്തിഗത വിവരങ്ങളോ ബാങ്ക് വിവരങ്ങളോ നൽകരുതെന്നും അതോറിറ്റി നിർദ്ദേശിച്ചു.
സംശയാസ്പദമായ ലിങ്കുകൾ തുറക്കുകയോ ബാങ്ക് വിവരങ്ങൾ പങ്കുവെക്കുകയോ ചെയ്തവർ ഉടൻ വിവരം അറിയിക്കണം. ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സെന്റർ ഫോർ ഇൻഫർമേഷൻ സെക്യൂരിറ്റിയുടെ 24685000 എന്ന ഹോട്ട്ലൈൻ നമ്പറിലോ, റോയൽ ഒമാൻ പോലീസിന്റെ ഡയറക്ടറേറ്റ് ജനറൽ ഓഫ് എൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ 80077444 എന്ന നമ്പറിലോ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു.
dfddsdas


